മലപ്പുറം: ഇടതുമുന്നണി ബന്ധം അവസാനിപ്പിച്ച് മുന്നണിക്ക് പുറത്തേക്ക് വന്ന നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപന യോഗം പുരോഗമിക്കുന്നു. നിലമ്പൂരില്‍ വന്‍ ജനാവലിയെ സാക്ഷി നിര്‍ത്തിയാണ് എംഎല്‍എയുടെ പൊതുയോഗം ആരംഭിച്ചത്. Nilambur MLA PV Anwar’s political stand announcement meeting is in progress
യോഗത്തിന്റെ സ്വാഗത പ്രസംഗം നടത്തിയത് മുന്‍ സിപിഎം ലോക്കല്‍ സെക്രട്ടറി ഇ.എ സുകുവാണ്. അന്‍വറിനോട് പാര്‍ട്ടി ചെയ്ത കാര്യങ്ങള്‍ ക്ഷമിക്കാനോ സാധാരണ പ്രവര്‍ത്തകര്‍ക്ക് ഉള്‍ക്കൊള്ളാനോ കഴിയുന്നതല്ലെന്ന് സ്വാഗത പ്രാസംഗികന്‍ പറഞ്ഞു.
കേരളത്തിലെ പാര്‍ട്ടിയെ രക്ഷിക്കുന്നതിന് വേണ്ടിയുള്ള കാര്യങ്ങളാണ് അന്‍വര്‍ സര്‍ക്കാരിനോടും പിതാവിന്റെ സ്ഥാനത്ത് കണ്ടിരുന്ന മുഖ്യമന്ത്രി പിണറായി വിജയനോടും പറഞ്ഞു. എന്നാല്‍ അതില്‍ നടപടി സ്വീകരിക്കുന്നതിന് പകരം അന്‍വറിനെ ഞെക്കി കൊല്ലാനാണ് പാര്‍ട്ടിയും സര്‍ക്കാരും ശ്രമിച്ചതെന്ന് ഇ.എ സുകു ആരോപിച്ചു. തന്റെ എംഎല്‍എ ഒരു പരാതി പറഞ്ഞിട്ട് പോലും അത് കേള്‍ക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രി എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും മുന്‍ സിപിഎം നേതാവ് ചോദിച്ചു.
നിലമ്പൂരിലെ ഇടത് മുന്നണി പ്രവര്‍ത്തകരുടെ ആവേശവും അഭിമാനവുമായ അന്‍വറിനെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചാല്‍ സഖാക്കള്‍ അതിന് അനുവദിക്കില്ലെന്നാണ് സ്വാഗതപ്രസംഗത്തില്‍ മുന്‍ സിപിഎം നേതാവ് അഭിപ്രായപ്പെട്ടത്.
ഒന്നാം പിണറായി സര്‍ക്കാര്‍ മികച്ചതായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ സ്ഥിതി അതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു സിപിഎം നേതാവെന്ന് പറഞ്ഞ് സ്റ്റേഷനില്‍ ഒരു ആവശ്യത്തിന് എത്തിയാല്‍ രണ്ട് അടി കൂടുതല്‍ കിട്ടുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുഷപനെ അനുസ്മരിച്ചുകൊണ്ടാണ് അൻവർ പ്രസംഗിച്ചു തുടങ്ങിയത്. തന്നെ മുസ്‍ലിം വർഗീയവാദിയാക്കാൻ നോക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. അൻവറിന്റെ പ്രസംഗത്തിനായി കാത്തുനിന്ന പ്രവർത്തകർ ഇൻക്വിലാബ് സിന്ദാബാദ് വിളികളുമായാണു യോഗസ്ഥലത്തേക്ക് വരവേറ്റത്. യോഗം തുടങ്ങുന്നതിനു മണിക്കൂറുകൾ മുൻപു തന്നെ സമ്മേളന നഗരിയായ ചന്തക്കുന്ന് ബസ് സ്റ്റാൻഡിനു സമീപത്തെ ഗ്രൗണ്ട് നിറഞ്ഞിരുന്നു.
അൻവറിന്റെ വാക്കുകൾ ഇങ്ങനെയാണ്,
”ഒരു മനുഷ്യൻ വിഷയം ഉന്നയിച്ചാൽ വിഷയത്തിനു പകരം അവന്റെ പേരാണ് നോക്കുന്നത്. എന്റെ പേര് അൻവർ എന്നായതുകൊണ്ട് മുസ്‍ലിം വർഗീയവാദിയാക്കാൻ നോക്കുകയാണ്. ഈ രീതിയിൽ നിങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയില്ല. ഞാൻ 5 നേരം നമസ്കരിക്കുമെന്ന് പറഞ്ഞതാണ് ഇപ്പോഴത്തെ ചർച്ച. ഓം ശാന്തി, ആകാശത്തുള്ള കർത്താവ് ഭൂമിയിലുള്ള മനുഷ്യരെ അനുഗ്രഹിക്കട്ടെ, അസലാമു അലൈകും, ലാൽസലാം സഖാക്കളെ, ഇതെല്ലാം ഒന്നാണ്.
ബ്രീട്ടീഷുകാരോട് പോരാടി ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഒരുപാട് ത്യാഗം സഹിച്ച കുടുംബമാണ് എന്റേത്. ഇന്ത്യാ വിഭജനം നടക്കാതിരിക്കാൻ ധാരാളം സമ്പത്തു ചെലവഴിച്ച തറവാടാണ് എന്റേത്. ഒരുത്തന്റെ മുഖത്തുനോക്കി ഒരടിസ്ഥാനവുമില്ലാതെയാണ് വർഗീയവാദിയെന്നു പറയുന്നത്. ഇസ്‍ലാമിനെ മനസിലാക്കത്തതു കൊണ്ടാണ് അങ്ങനെ പറയുന്നത്. അന്യ മതസ്ഥാപനത്തെ നെറ്റിചുളിച്ച് നോക്കരുതെന്നാണു ഖുറാൻ പറയുന്നത്. ഇതാദ്യം പഠിക്കണം. ആര്‍ക്കുവേണ്ടിയാണോ പോരാട്ടം നടത്തിയത് അവരെ തന്നെ തെരുവിലിറക്കിയിരിക്കുകയാണ് ഈ പ്രസ്ഥാനം
നിലമ്പൂർ ജനതപ്പടി മുതൽ വെളിയന്തോട് വരെ 4 കിലോമീറ്റർ ദൂരം റോഡ് പൊലീസ് നിയന്ത്രണത്തിലാണ്. ഗതാഗതം പല ഭാഗങ്ങളിലും തടസപ്പെട്ടു. സമ്മേളന നഗരിയിലും പരിസരങ്ങിലും നിരവധി പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
അതേസമയം, താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ചിലതിന്റെ തെളിവുകള്‍ ഇന്നത്തെ രാഷ്ട്രീയ യോഗത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് പി.വി അന്‍വര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. മുഖ്യന്ത്രി പിണറായി വിജയന്‍, അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, എഡിജിപി എംആര്‍ അജിത് കുമാര്‍, സിപിഎം നേതൃത്വം എന്നിവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച ശേഷമാണ് അന്‍വര്‍ ഇടത് മുന്നണിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്. എംഎല്‍എ സ്ഥാനം രാജിവെക്കില്ലെന്ന് അന്‍വറും പ്രതിരോധിക്കുമെന്ന് സിപിഎമ്മും പ്രഖ്യാപിച്ചിരുന്നു.