തോൽവികൾ ഏറ്റുവാങ്ങാൻ മുംബൈയുടെ ആയുസ്സ് ഇനിയും ബാക്കിയായിരുന്നു. ഐപിഎല്‍ സീസണിലെ തങ്ങളുടെ അവസാന മത്സരവും തോറ്റ് തലകുനിച്ച് വിടപറഞ്ഞു മുംബൈ ഇന്ത്യന്‍സ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് 18 റണ്‍സിനാണ് മുംബൈ തോറ്റത്. ലഖ്നൗ ഉയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗ നിക്കോളാസ് പുരന്റെയും ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിന്റെയും തകർപ്പൻ അര്‍ധ സെഞ്ചുറികളുടെ മികവിലാണ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 214 റൺസെടുത്തത്. 29 പന്തില്‍ നിന്ന് എട്ട് സിക്സും അഞ്ച് ഫോറുമടക്കം 75 റണ്‍സെടുത്ത നിക്കോളാസ് പുരനാണ് ലഖ്നൗവിന്റെ ടോപ് സ്‌കോറര്‍. മികച്ച തുടക്കത്തിനു ശേഷമാണ് മുംബൈ മത്സരം കൈവിട്ടത്. 38 പന്തില്‍ നിന്ന് മൂന്ന് സിക്‌സും 10 ഫോറുമടക്കം 68 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 20 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസിനെ കൂട്ടുപിടിച്ച് രോഹിത് ഓപ്പണിങ് വിക്കറ്റില്‍ 88 റണ്‍സ് ചേര്‍ത്തിരുന്നു. എന്നാല്‍ പിന്നീട് വന്നവര്‍ക്കൊന്നും ടീമിനെ മുന്നോട്ടുനയിക്കാനായില്ല. സീസണിലെ മുംബൈയുടെ 10-ാം തോല്‍വിയായിരുന്നു ഇത്. ഇതോടെ നാല് മത്സരങ്ങള്‍ ജയിച്ച് എട്ടു പോയന്റുമായി അവസാന സ്ഥാനക്കാരായി മുംബൈയുടെ സീസണ്‍ അവസാനിച്ചു. 14 കളികളില്‍ നിന്ന് 14 പോയന്റ് നേടി ആറാം സ്ഥാനത്തെത്തിയ ലഖ്‌നൗവും പ്ലേ ഓഫ് കാണാതെ പുറത്തായി.