ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീര്‍ പുരകായസ്ത ജയിൽ മോചിതനായി. യുഎപിഎ ചുമത്തി പുർകായസ്തയെ അറസ്റ്റ് ചെയ്തത് നിയമനടപടികൾ പാലിക്കാതെയാണെന്ന് സുപ്രീം കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് പ്രബീറിനെ മോചിപ്പിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. കോടതി വിധിയ്ക്ക് പിന്നാലെ തന്നെ പുർകായസ്തയെ സ്വീകരിക്കാൻ നൂറിലേറെ പേര്‍ രോഹിണി ജയിലിന് പുറത്ത് ഒത്തുകൂടിയിരുന്നു. പുറത്തിറങ്ങിയ പ്രബീറിനെ മുദ്രാവാക്യം വിളികളോടെയാണ് സഹപ്രവർത്തകർ പൂമാലകള്‍ ഇട്ട് സ്വീകരിച്ചത്.
സത്യം ജയിക്കുമെന്നും പോരാട്ടം തുടരുമെന്നുമാണ് ജയിൽ മോചിതമായ ശേഷം പ്രബീര്‍ പുരകായസ്ത മാധ്യമങ്ങളോട് പ്രതികരിച്ചത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, കേസിന്റെ മെറിറ്റിനെക്കുറിച്ച് സംസാരിക്കരുത്, രാജ്യം വിട്ടുപോകരുത് എന്നീ മൂന്ന് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 2023 ഒക്ടോബര്‍ മൂന്നിനാണ് ചൈനീസ് ഫണ്ട് സ്വീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മാധ്യമസ്ഥാപനമായ ന്യൂസ് ക്ളിക്കിൽ കയറി ഡൽഹി പോലീസ് റെയിഡ് നടത്തിയത്. തുടർന്നാണ് എഡിറ്ററെയും സഇഒ അമിത് ചക്രവർത്തിയേയും അറസ്റ്റു ചെയ്തത്. പിന്നീട് മാപ്പു സാക്ഷിയായ അമിത് ചക്രവർത്തിയെ അടുത്തിടെ വിട്ടയച്ചിരുന്നു.
മൂന്ന് ചൈനീസ് സ്ഥാപനങ്ങളില്‍ നിന്നായി 115 കോടിയോളം രൂപ ന്യൂസ് ക്ലിക്കിലേക്കെത്തിയെന്നാണ് ഇഡിയുടെയും ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെയും ആരോപണം. എന്നാൽ അറസ്റ്റിൻ്റെ കാരണങ്ങൾ രേഖാമൂലം തനിക്ക് നൽകിയിട്ടില്ലെന്നും അറസ്റ്റിന് നിയമസാധുതയില്ലെന്നുമായിരുന്നു പ്രബീറിന്റെ വാദം.
Read More: സിസ്റ്റര്‍ അഭയ കൊലക്കേസ്: ഫാദര്‍ തോമസ് കോട്ടൂരിന്റെ പെന്‍ഷന്‍ പിന്‍വലിച്ചു; ഉത്തരവിറക്കി
Read More: കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ആദ്യ അതിഥിയായി നായ കുട്ടി; അമ്പരന്ന് ജനം