ന്യൂഡൽഹി: അപകീർത്തിക്കേസിൽ മലയാളം വെബ് പോർട്ടലായ കർമ്മ ന്യൂസിനെതിരെ ഉത്തരവ് പുറപ്പെടുവിച്ച് ഡൽഹി ഹൈക്കോടതി. കേരള മീഡിയ അക്കാദമിക്കും മൂന്ന് ഇംഗ്ലീഷ് വെബ് പോർട്ടലുകൾക്കുമെതിരെ നൽകിയ വാർത്ത ഉടൻ പിൻവലിക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. മീഡിയ അക്കാദമി 2023ൽ കൊച്ചിയിൽ സംഘടിപ്പിച്ച ‘കട്ടിങ് സൗത്ത്’ എന്ന പരിപാടിയെക്കുറിച്ച് നൽകിയ വാർത്ത സംബന്ധിച്ചാണ് വന്നിരിക്കുന്നത്.
രാജ്യത്തെ ഭിന്നിപ്പിക്കുക ഉദ്ദേശിച്ച് നടത്തിയ പരിപാടിയാണ് ‘കട്ടിങ് സൗത്ത്’ എന്നാരോപിച്ചായിരുന്നു കർമ്മ ന്യൂസിന്റെ വാർത്ത. ന്യൂസ് ലോൺഡ്രി, കോൺഫ്‌ളുവൻസ് മീഡിയ, ദി ന്യൂസ് മിനി റ്റ് എന്നീ വെബ് പോർട്ടലുകൾക്കെതിരെയും വാർത്തയിൽ പരാമർശിച്ചിരുന്നു. ഇവർ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.
2023-ലാണ് ന്യൂസ് ലോൺഡ്രി, കോൺഫ്ലുവൻസ് മീഡിയ, ദി ന്യൂസ് മിനിറ്റ് എന്നിവയുമായി സഹകരിച്ച് കേരള മീഡിയ അക്കാദമി ‘കട്ടിങ് സൗത്ത്’ എന്ന പേരിൽ മീഡിയ ഇവന്റ് സംഘടിപ്പിച്ചത്. 2023-ൽ തന്നെ പരിപാടിയെയും അതിന്റെ സംഘാടകരെയും കുറിച്ചുള്ള വാർത്ത നൽകരുതെന്ന് കർമ്മ ന്യൂസിന് കോടതി നിർദേശം നൽകിയിരുന്നു. നിർദ്ദേശം ലംഘിച്ചുകൊണ്ട് 2024 ജൂലൈ ഒന്നിന് ലേഖനം പ്രസിദ്ധീകരിക്കുകയായിരുന്നു. ഇതേ തുടർന്നാണ് നടപടി.