കൊച്ചി: മാസപ്പടി കേസിൽ തന്നെയും മകളെയും ടാർജറ്റ് ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
വീണാ വിജയൻ സിഎംആർഎല്ലിൽ നിന്നും മാസപ്പടി വാങ്ങിയെന്നാരോപിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രി നൽകിയ മറുപടി സത്യവാങ്മൂലത്തിൽ ആയിരുന്നു ടാർജറ്റ് ചെയ്യുന്നെന്ന ആരോപണം ഉന്നയിച്ചത്.
ഹർജി ലക്ഷ്യവയ്ക്കുന്നത് രാഷ്ട്രീയ ആക്രമണമാണെന്നും പൊതുതാത്പര്യത്തിന്റെ പരിധിയിൽ വരില്ലെന്നും മുഖ്യമന്ത്രി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
‘പൊതുതാൽപ്പര്യമെന്ന ഉദ്ദേശ ശുദ്ധി ഹർജിക്കില്ല. ഹർജിക്കാരനായ മാധ്യമപ്രവർത്തകൻ എം ആർ അജയന് കേസുമായി ബന്ധപ്പെട്ട് നേരിട്ട് വിവരങ്ങളൊന്നുമില്ല.
ആദായ നികുതി വകുപ്പിന്റെ സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിന്റെ മാത്രം അടിസ്ഥാനത്തിലാണ് ഹർജി നൽകിയിരിക്കുന്നത്. തന്നെയും തന്റെ മകളെയും ടാർജറ്റ് ചെയ്യുകയാണ്.
നിലവിൽ എസ്എഫ്ഐഒ അന്വേഷണം നടക്കുന്നതിൽ മറ്റ് കേന്ദ്ര ഏജൻസികൾ അന്വേഷണം ഏറ്റെടുക്കേണ്ടതില്ല”.
രണ്ട് കമ്പനികൾ തമ്മിലെ സാമ്പത്തിക ഇടപാടുകളാണെന്നും മുഖ്യമന്ത്രി സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.
മാധ്യമപ്രവർത്തകനായ എം ആർ അജയന്റെ ഹർജിയിൽ ഹൈക്കോടതി അയച്ച നോട്ടീസിലാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.