ന്യൂഡൽഹി: നവജാതശിശുക്കളായ ഇരട്ടകളിൽ ഒരാളെ മറിച്ചുവിറ്റ കേസിൽ ആശുപത്രി ഉടമ ഉൾപ്പെടെ 4 പേരെ അറസ്റ്റ് ചെയ്ത് പോലീസ്. ആശുപത്രി ഉടമകളിൽ ഒരാളായ തബ്സും ഖാൻ (40), ഏജന്റുമാരായ അഞ്ജലി ശർമ (28), ബെഗ്‌രാജ് സിങ് (28), പണം നൽകി ആൺകുട്ടിയെ വാങ്ങിയ റിഹാന (40) എന്നിവരാണ് പിടിയിലായതെന്ന് സൗത്ത് ഈസ്റ്റ് ഡിസിപി രാജേഷ് ദേവ് അറിയിച്ചു. കഴിഞ്ഞ ദിവസം പ്രസവിച്ച യുവതിയുടെ ഇരട്ടക്കുട്ടികളിൽ ആൺകുട്ടിയെയാണ് ഇവർ മറ്റൊരു യുവതിക്ക് വിറ്റത്.(Newborn Twin Swapped and Sold)
സൗത്ത് ഈസ്റ്റ് ഡൽഹിയിൽ താമസിക്കുന്ന വിവേക് കുമാറിന്റെ ഭാര്യ സുഷമ ഗൗതം കഴിഞ്ഞ 3നാണ് അബുൽ ഫസൽ എൻക്ലേവിലെ മെഡി കെയർ ആശുപത്രിയിൽ ഇരട്ടക്കുട്ടികളെ പ്രസവിച്ചത്. ജനിച്ച ഉടൻ കുട്ടികളെ വിവേകിനെ കാണിച്ചെങ്കിലും ഇരട്ടകൾ ആൺകുട്ടിയും പെൺകുട്ടിയുമാണെന്ന കാര്യം മറച്ചുവച്ചു. തുടർന്ന് മറ്റൊരു യുവതി പ്രസവശേഷം ആശുപത്രിയിൽ ഉപേക്ഷിച്ച പെൺകുട്ടിയെ ഇരട്ടകളിലൊരാളാണെന്ന് തെറ്റിദ്ധരിപ്പിച്ചു ദമ്പതികൾക്കു നൽകുകയായിരുന്നു.
എന്നാൽ, സംശയം തോന്നിയ വിവേക് ഇരട്ടകളിൽ ഒരാൾ തങ്ങളുടെ കുട്ടിയല്ലെന്ന് ആശുപത്രി ജീവനക്കാരോടു പറഞ്ഞു. ഇരട്ടക്കുട്ടികളുടെ തൂക്കത്തിലും വളർച്ചയിലും വ്യത്യാസമുണ്ടെന്നു വിവേകിന്റെ ബന്ധുക്കളും പറഞ്ഞു. ഇതോടെ ഷഹീൻ ബാഗ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പൊലീസ് ആശുപത്രി രേഖകൾ പരിശോധിച്ചപ്പോൾ സുഷമ പ്രസവിച്ച ഇരട്ടകൾ ആൺകുട്ടിയും പെൺകുട്ടിയുമാണെന്നു മനസ്സിലായി. തുടർന്ന് ജീവനക്കാരെ ചോദ്യം ചെയ്തപ്പോഴാണു സംഘത്തെക്കുറിച്ചു വിവരം ലഭിച്ചത്.
Read Also: കടലിനടിയിലെ ഭൂപടം ഉപയോഗിച്ച് രാമസേതു രഹസ്യങ്ങൾ കണ്ടെത്തി ഐഎസ്ആർഒ ശാസ്ത്രജ്ഞർ !