തൃശൂര്‍: ചാലക്കുടിയിൽ സ്വയം പ്രസവമെടുത്തതിനെ തുടർന്ന് കുഞ്ഞ് മരിച്ചു. ചാലക്കുടി മേലൂര്‍ കരുവാപ്പടിയിലാണ് സംഭവം. ഒഡീഷ സ്വദേശിനിയായ യുവതിയാണ് സ്വയം പ്രസവമെടുത്തത്.(Newborn baby died after delivery in thrissur)
വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു സംഭവം. വാടക വീട്ടിലാണ് യുവതിയും ഇവരുടെ ഭര്‍ത്താവും മൂന്നു വയസുള്ള മൂത്ത കുഞ്ഞും താമസിക്കുന്നത്. എന്നാൽ സംഭവം നടക്കുമ്പോള്‍ മൂന്ന് വയസുള്ള കുഞ്ഞ് മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. കനത്ത പ്രസവ വേദന അനുഭവപ്പെട്ട യുവതി സ്വയം പ്രസവമെടുക്കുകയായിരുന്നു.
ജോലിക്ക് പോയ ഭർത്താവ് തിരിച്ചുവന്നപ്പോള്‍ ചോരയിൽ കുളിച്ചുകിടക്കുന്ന ഭാര്യയെയാണ് കണ്ടത്. ഭർത്താവ് അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് അംഗവും ആശാ വര്‍ക്കറും സ്ഥലത്തെത്തി. ഉടൻ തന്നെ യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ കുഞ്ഞിന് ജീവനില്ലെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. ആണ്‍കുഞ്ഞിനാണ് യുവതി ജന്മം നൽകിയത്.