ലോട്ടറി ടിക്കറ്റില്‍ നമ്പര്‍ മാറ്റിയൊട്ടിച്ചുള്ള പണം തട്ടല്‍ സംസ്ഥാനത്ത് വ്യാപകമാകുന്നതായി പരാതി. സാധാരണക്കാരായ ലോട്ടറി കച്ചവടക്കാരെയാണ് ഇത്തരം വ്യാജ ഭാഗ്യക്കുറി ടിക്കറ്റുണ്ടാക്കി എത്തുന്നവര്‍ പറ്റിക്കുന്നത്. New way to create number fraud on lottery tickets
ഒരുപോലിരിക്കുന്ന ലോട്ടറി ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാകാത്തതും മൊബൈലില്‍ സ്‌കാന്‍ചെയ്ത് പരിശോധിക്കാനുള്ള സാങ്കേതിക പരിജ്ഞാനം ഇല്ലാത്തതുമാണ് തട്ടിപ്പിന് ഇത്തരക്കാരെ തിരഞ്ഞെടുക്കാന്‍ കാരണം.
വലിയ കടകള്‍ക്കു പകരം നടന്നുവില്‍ക്കുന്നവര്‍, പ്രായമുള്ളവര്‍, അന്ധരായവര്‍ തുടങ്ങിയവരെയാണ് തട്ടിപ്പുകാര്‍ തിരഞ്ഞെടുക്കുന്നത്.
നൂറുകണക്കിനു വില്‍പ്പനക്കാരാണ് ഇത്തരത്തില്‍ പറ്റിക്കപ്പെടുന്നത്. അയ്യായിരം മുതല്‍ താഴോട്ടുള്ള നാലക്കനമ്പറിലാണ് തട്ടിപ്പ് കൂടുതല്‍.
നറുക്കെടുപ്പ് നടന്ന ഭാഗ്യക്കുറിയുടെ നമ്പര്‍ മനസ്സിലാക്കി തട്ടിപ്പുകാര്‍ അതേനമ്പര്‍ സമാനമായ ഫോണ്ടിലും നിറത്തിലും പ്രിന്റെടുത്ത് മറ്റൊരു ലോട്ടറിയില്‍ ഒട്ടിച്ച് വ്യാജ ടിക്കറ്റുണ്ടാക്കും.
ഇതിനുശേഷം ഇവ കൊണ്ടുവന്ന് കച്ചവടക്കാര്‍ക്കു നല്‍കി പണം തട്ടുന്നതാണ് രീതി. ഒറിജിനലിനെ വെല്ലുന്ന രീതിയില്‍ നിര്‍മിക്കുന്ന ടിക്കറ്റ് കണ്ടാല്‍ വ്യാജനാണെന്ന് എളുപ്പത്തില്‍ തിരിച്ചറിയാനാകില്ല.
യഥാര്‍ഥ ഉടമ വരുമ്പോഴോ അല്ലെങ്കില്‍ ടിക്കറ്റ് സ്‌കാനിങ് നടത്തുമ്പോഴോ മാത്രമാണ് തട്ടിപ്പ് തിരിച്ചറിയുന്നത്. അപ്പോഴേക്കും ടിക്കറ്റിനുള്ള തുക വാങ്ങി തട്ടിപ്പുകാര്‍ കടന്നുകളഞ്ഞിട്ടുണ്ടാകും.