തിരക്കിട്ട ജീവിതത്തിൽ ഫാസ്റ്റ് ഫുഡിനെയും ജങ്ക് ഫുഡിനെയും ആശ്രയിക്കുന്നവരുടെ എണ്ണം ഉയരുകയാണ്. എന്നാൽ അതിന്റെ ദൂഷ്യ ഫലങ്ങൾ ഏറെയാണെന്നും നമുക്കറിയാം. പിസ, ബർഗർ, ഹോട്ട്‌ഡോഗ് തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾക്ക് ലോകമെമ്പാടും ആരാധകരേറെയാണ്. എന്നാൽ ഇവയുടെ അമിത ഉപയോഗം അപകടത്തെ ക്ഷണിച്ച് വരുത്തുന്നതിന് തുല്യമാണെന്ന് മുന്നറിയിപ്പ് നൽകുകയാണ് ഗവേഷകർ. ഒരു ഹോട്ട് ഡോഗ് കഴിക്കുന്നതുവഴി വഴി ഒരാളിൽ ആകെ ആയുസിൽ നിന്ന് 36 മിനിറ്റ് കുറയുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. യൂണിവേഴ്സിറ്റി ഒഫ് മിഷിഗണിലെ ഗവേഷകർ മുമ്പ് നടത്തിയ പഠനങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സംസ്കരിച്ച മാംസം, ഗ്രീൻഹൗസ് വെജിറ്റബിൾസ്, ചെമ്മീൻ, മട്ടൺ, ബീഫ്, പോർക്ക് തുടങ്ങിയവ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് കണ്ടെത്തൽ. അതേ സമയം, തനത് രീതിയിൽ തുറസായ പാടങ്ങളിൽ കൃഷി ചെയ്യുന്ന പഴങ്ങളും പച്ചക്കറികളും, പയർ വർഗങ്ങൾ, പരിപ്പ് വർഗങ്ങൾ, ഏതാനും സമുദ്ര വിഭവങ്ങൾ തുടങ്ങിയവ ആരോഗ്യത്തിന് അനുകൂലമായ ഫലങ്ങളാണ് നൽകുന്നത്. 85 ഗ്രാം ചിക്കൻ വിംഗ്സ് ഭക്ഷിക്കുമ്പോൾ ഒരാളുടെ ജീവിത ദൈർഘ്യത്തിൽ നിന്ന് കുറയുന്നത് 3.3 മിനിറ്റാണെന്നും അതിലടങ്ങിയിരിക്കുന്ന സോഡിയവും മറ്റ് ട്രാൻസ്ഫാറ്റ് ആസിഡുകളുമാണ് അതിന് കാരണമെന്നും ഗവേഷകർ പറയുന്നു. പിസ കഴിച്ചാൽ ഒരു വ്യക്തിയുടെ ആയുസ് 7 മുതൽ 8 മിനിറ്റ് വരെ കുറയുമത്രെ. അതേ സമയം, സോഫ്റ്റ് ഡ്രിങ്കുകൾ 12.04 മിനിറ്റാണ് കുറയ്ക്കുന്നത്.
എന്നാൽ, നേർവിപരീതമായി ആരോഗ്യവും ആയൂർദൈർഘ്യവും വർദ്ധിപ്പിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളുമുണ്ട്. ജെല്ലി സാൻവിച്ചുകളും പീനട്ട് ബട്ടറും 33 മിനിറ്റാണ് ഇത്തരത്തിൽ ദീർഘിപ്പിക്കുന്നത്. മത്സ്യങ്ങൾ, നിലക്കടല, അരി, പയർ തുടങ്ങിയവ 10 മുതൽ 15 മിനിറ്റ് വരെയാണ് ദീർഘിപ്പിക്കുന്നത്. ബദാം 26 മിനിറ്റും വാഴപ്പഴം 13.5 മിനിറ്റും തക്കാളി 3.5 മിനിറ്റും സാൽമൺ മത്സ്യം 16 മിനിറ്റും അവക്കാഡോ 2.8 മിനിറ്റുമായി ആയുസ് വർദ്ധിപ്പിക്കും.