ന്യൂസ് ഡസ്ക്ക് : ചൈനീസ് സോഷ്യൽ മീഡിയ ആപ്പായ ടിക്ക് ടോക്കിന് രാജ്യത്ത് നിരോധനം ഏർപ്പെടുത്തി നേപ്പാൾ സർക്കാർ. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നുവെന്ന് കാണിച്ചാണ് നടപടി. ടിക്ക് ടോക്ക് വഴിയുള്ള വിദ്വോഷ പ്രസംഗങ്ങൾ വർദ്ധിച്ചുവെന്നും നേപ്പാൾ സർക്കാർ കണ്ടെത്തി.അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവിൽ വിവിധ സമുദായങ്ങളെ പരസ്പരം ഭിന്നിപ്പിക്കുക ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രസംഗങ്ങൾ പ്രചരിപ്പിക്കുന്നത് ടിക്ക് ടോക്ക് വഴിയാണ്. പരാതികളുടെ അടിസ്ഥാനത്തിൽ 1647 സൈബർ കുറ്റകൃത്യകേസുകൾ ടിക്ക് ടോക്കിന് എതിരെ വിവിധ കാലങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് നേപ്പാൾ സുരക്ഷാ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നേപ്പാൾ പോലീസിന്റെ സൈബർ ബ്യൂറോയും ആഭ്യന്തര മന്ത്രാലയവും ടിക് ടോക്കിന്റെ പ്രതിനിധികളും തമ്മിൽ കഴിഞ്ഞ ആഴ്ച്ച ചർച്ച നടന്നതായി കാഠ്മണ്ഡു പോസ്റ്റ് ദിനപത്രം റിപ്പോർട്ട് ചെയ്തു. എന്നിട്ടും വിദ്വേഷ പ്രസംഗങ്ങൾ നിയന്ത്രിക്കാൻ നടപടി ഉണ്ടായില്ല.
തിങ്കളാഴ്ച നടന്ന ക്യാബിനറ്റ് യോഗത്തിലാണ് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചത്.ഫേസ്ബുക്ക്, എക്സ് (മുമ്പ് ട്വിറ്റർ), ടിക് ടോക്ക്, യൂട്യൂബ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾക്ക് രാജ്യത്ത് ലെയ്‌സൺ ഓഫീസുകൾ തുറക്കാനും ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യാനും സർക്കാർ ഉത്തരവിട്ടു.സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കാൻ “സോഷ്യൽ നെറ്റ്‌വർക്കിംഗ് 2023 ” എന്ന പേരിൽ പുതിയ നിയന്ത്രണങ്ങൾ ഒരാഴ്ച്ച് മുമ്പാണ് നേപ്പാൾ സർക്കാർ അവതരിപ്പിച്ചത്.ഒരോ സാമൂഹികമാധ്യമ കമ്പനികളും പരാതികൾ പരിഹരിക്കാൻ ഒരു ഉദ്യോഗസ്ഥനെ നിയമിക്കണമെന്നാണ് പ്രധാന നിർദേശം.2020-ൽ, സ്വകാര്യതയും സുരക്ഷയും പരിഗണിച്ച് ടിക്ക് ടോക്ക് ഇന്ത്യയും നിരോധിച്ചിരുന്നു. 2020 ഏപ്രിൽ-മെയ് മാസങ്ങളിൽ കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയിൽ സൈന്യവും ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയും ഏറ്റുമുട്ടിയതിന് പിന്നാലെയാണ് നിരോധനം നടപ്പിലാക്കിയത്.
ഉലയുന്ന നേപ്പാൾ – ചൈന ബന്ധം.
ടിക്ക് ടോക്ക് ആപ്പ് വഴി മറ്റ് രാജ്യങ്ങളുടെ രഹസ്യങ്ങൾ ചൈന ചോർത്തിയെടുക്കുന്നു എന്നതാണ് പ്രധാന ആരോപണം. ചൈനയുമായി സൗഹൃദത്തിലുള്ള രാജ്യങ്ങൾ ഇത് തള്ളി കളയുന്നു. പക്ഷെ നിരവധി രാജ്യങ്ങൾ ആരോപണം അതീവ ഗൗരവത്തോടെ എടുക്കുകയും നിരോധനം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ചൈനയുമായി വളരെ നല്ല ബന്ധമാണ് നേപ്പാളിനുള്ളത്. അത് കൊണ്ട് തന്നെ ടിക്ക് ടോക്കിന്റെ നിരോധനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് സൂചന. ഈ വർഷം സെപ്റ്റംബറിൽ, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ ബെയ്ജിംഗിൽ സന്ദർശനം നടത്തിയിരുന്നു.
പ്രധാനമന്ത്രിയായ ശേഷമുള്ള കന്നി സന്ദർശനത്തിൽ ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാങ്ങുമായി വിവിധ ഉഭയകക്ഷി വിഷയങ്ങളിൽ കരാറുകൾ ഒപ്പ് വച്ചു. വ്യാപാരം, റോഡ് കണക്റ്റിവിറ്റി, വിവരസാങ്കേതികവിദ്യ എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ഏഴ് ധാരണാപത്രങ്ങൾ ഉൾപ്പെടെ 12 കരാറുകളാണ് ഇരു രാജ്യങ്ങളും തമ്മിലുള്ളത്. പ്രസിഡന്റ് ഷി ജിൻപിംഗുമായും നേപ്പാൽ പ്രധാനമന്ത്രി പ്രചണ്ട കൂടിക്കാഴ്ച നടത്തി, സൗഹൃദം പുതുക്കിയിരുന്നു.
കൂടിക്കാഴ്ച്ചയ്ക്ക് ശേഷം നേപ്പാളിൽ തിരിച്ചെത്തിയ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡയെ കാത്തിരുന്നത് നല്ല വാർത്തയല്ല. നേപ്പാളിന്റെ സ്ഥലങ്ങളായ ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നീ പ്രദേശങ്ങൾ സ്വന്തമാക്കി ചൈന പുതിയ ഭൂപടം പുറത്തിറക്കി. ഇതിനെതിരെ നേപ്പാൾ പ്രതിഷേധം രേഖപ്പെടുത്തിയെങ്കിലും ചൈന മാപ്പ് പുതുക്കിയില്ല. 2020 മുതൽ ഈ പ്രദേശങ്ങളിൽ ചൈന അവകാശവാദം ഉന്നയിക്കുന്നുണ്ട്.
സമാനമായ തർക്കം ഇന്ത്യയുമായും ചൈന നടത്തുന്നുണ്ട്. നേപ്പാളിൽ നേരിട്ട് വിദേശ നിക്ഷേപം നടത്തുന്ന ഏറ്റവും വലിയ രാജ്യമാണ് ചൈന. കഴിഞ്ഞ വർഷം ചൈനയിൽ നിന്നുള്ള നേപ്പാളിന്റെ ഇറക്കുമതി 1.84 ബില്യൺ ഡോളറും കയറ്റുമതി 5.39 മില്യൺ ഡോളറുമായി ഉയർന്നു.അത് കൊണ്ട് തന്നെ ചൈനയുമായി നേരിട്ട് ഒരു തർക്കത്തിന് നേപ്പാൾ മുതിരില്ല എന്നാണ് കരുതിയിരുന്നത്. ടിക്ക് ടോക്കിന്റെ നിരോധനം ബീജിങ്ങിനെ പ്രകോപിപ്പിക്കുമെന്ന് ഉറപ്പ്.
Read Also : ദീപാവലി ആഘോഷം വിനയായി; ഡൽഹിയിൽ വീണ്ടും അതീവ ഗുരുതര വായുമലിനീകരണം; വായുനിലവാര സൂചിക 900 വരെ കടന്നു