സാധാരണ വീട്ടുവളപ്പിലെ ചെടി… പക്ഷേ മാരക വിഷം!കർഷകർ ജാഗ്രത പാലിക്കണം
നേമം: വീട്ടുവളപ്പിൽ വളർത്തിയിരുന്ന അലങ്കാരച്ചെടി തിന്നതിനെ തുടർന്ന് നാല് പശുക്കൾ ചത്ത സംഭവം നേമം പ്രദേശത്ത് ആശങ്കയുണർത്തി.
നെല്ലിമൂട് സുനിൽ ഭവനിൽ സുജിതയുടെ പശുക്കളാണ് മരിച്ചത്. ‘കോളാമ്പിച്ചെടി’ എന്ന പേരിൽ അറിയപ്പെടുന്ന യെല്ലോ അലമാന്ദ എന്ന അലങ്കാരസസ്യമാണ് ഇവ ഭക്ഷിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ബുധനാഴ്ചയാണ് സംഭവം. അലങ്കാരച്ചെടികൾ തിന്നശേഷം സമീപത്തെ പറമ്പിൽ പുല്ലുതിന്നുന്നതിനിടെ പശുക്കൾ പെട്ടെന്ന് തളർന്ന് വീണ് ചാവുകയായിരുന്നു. മരിച്ചവയിൽ ഒരു പശു ഒമ്പത് മാസം ഗർഭിണിയായിരുന്നു.
വിവരമറിഞ്ഞെത്തിയ വെറ്ററിനറി ഡോക്ടർമാരുടെ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ മരണകാരണം വ്യക്തമായിരിക്കുകയുള്ളൂ.
കേരള ഗ്രാമീൺ ബാങ്കിൽ നിന്ന് ഏകദേശം മൂന്ന് ലക്ഷം രൂപ കാർഷിക വായ്പ എടുത്താണ് ഈ പശുക്കളെ വാങ്ങിയത്. ദിവസേന 35 ലിറ്ററോളം പാൽ ലഭിച്ചിരുന്നുവെന്നും, അതിലൂടെ ലഭിച്ച വരുമാനമാണ് കുടുംബച്ചെലവും വായ്പയും തീർക്കാൻ ആശ്രയിച്ചിരുന്നതെന്നും ഉടമ സുജിത പറഞ്ഞു.
ബ്രസീൽ സ്വദേശിയായ നിത്യഹരിത സസ്യമായ യെല്ലോ അലമാന്ദയ്ക്ക് ഇലകളിലും പൂവുകളിലും വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അരളിച്ചെടിയെപ്പോലെ തന്നെ ഇത് മൃഗങ്ങൾക്ക് അപകടകാരിയാണെന്നും അവർ ചൂണ്ടിക്കാട്ടി.
English Summary
Four cows died in Nemom, Thiruvananthapuram, after consuming a toxic ornamental plant known as Yellow Allamanda (Allamanda cathartica). The animals reportedly collapsed suddenly after grazing. One of the cows was nine months pregnant. Veterinary officials have conducted an inspection, and the exact cause of death will be confirmed after the post-mortem report. The incident has raised concerns about the dangers of toxic plants in residential areas.









