കാസർകോട്: വഴിതർക്കത്തെ തുടർന്ന് അയൽക്കാർ തമ്മിൽ തല്ലി. കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ടിലാണ് സംഭവം. ആറുപേർക്ക് പരിക്കേറ്റു.(Neighbors clashed in Vellarikund in Kasaragod clashes)
നടുറോഡിൽ ഇരു സംഘത്തിലും പെട്ട സ്ത്രീകൾ ഉൾപ്പടെയുള്ളവരാണ് ഏറ്റുമുട്ടിയത്. ഇരു കൂട്ടരും വടി ഉൾപ്പടെ ഉപയോഗിച്ചാണ് തമ്മിലടിച്ചത്. പലർക്കും തലയ്ക്കാണ് പരിക്കേറ്റത്. കൂട്ടത്തല്ലിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. പ്രദേശത്ത് വർഷങ്ങളായി നിലനിൽക്കുന്ന തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്.
കഴിഞ്ഞദിവസം പ്രദേശത്ത് ഒരു കെട്ടിടം നിർമ്മിക്കുന്നതിന്റെ സാധനസാമഗ്രികൾ എത്തിക്കുന്നതിന്റെ ഭാഗമായി വഴി അല്പം വീതികൂട്ടിയിരുന്നു. എന്നാൽ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും എത്തിയവരാണ് ഏറ്റുമുട്ടിയത്. അടിയേറ്റ നാലുപേർ ജില്ലാ ആശുപത്രിയിലും മറ്റ് രണ്ടുപേർ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ ആരും പരാതി നൽകാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല.