വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ മാസം 10 നു നടത്താനിരുന്ന നെഹ്റുട്രോഫി വള്ളംകളി മാറ്റിവെച്ചു. സർക്കാർ നിർദേശപ്രകാരമാണ് തീരുമാനം. സെപ്റ്റംബറിൽ നടത്താനാണ് ആലോചന.(Nehrutrophy boat race postponed; New date later)
ക്ലബ്ബുകളും സംഘാടകരുമായി ആലോചിച്ച് മറ്റൊരു ദിവസം മത്സരം നടത്തും. സാംസ്‌കാരി ഘോഷയാത്രയും കലാസന്ധ്യയും മറ്റ് പരിപാടികളും പൂർണമായും ഒഴിവാക്കി മത്സരം മാത്രമായി നടത്തണമെന്ന് ഒരു വിഭാഗം ക്ലബ്ബുകളും സംഘാടകരും ആവശ്യപ്പെട്ടിരുന്നു.
മാസങ്ങൾ നീണ്ട തയ്യാറെടുപ്പിൽ വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും ചിലർ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പ് വള്ളംകളി നടത്തുന്നത് ഉചിതമല്ലെന്ന അഭിപ്രായം മാനിച്ച് മത്സരം മാറ്റി വയ്ക്കുകയായിരുന്നു.
ഇനി എന്ന് നടത്തണമെന്ന കാര്യത്തിൽ അന്തിമതീരുമാനം വൈകീട്ട് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിന് ശേഷമുണ്ടാകും.