സിസേറിയനിന് പിന്നാലെ ‘ജനനേന്ദ്രിയത്തിലൂടെ വിസർജ്യം’—കുഞ്ഞിനു പാൽ കൊടുക്കാൻ പോലും കഴിയുന്നില്ല; നരകയാതനയിൽ യുവതി; ഡോക്ടർക്കെതിരെ കേസ്
നെടുമങ്ങാട് ∙ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയൻ പ്രസവശസ്ത്രക്രിയയ്ക്ക് വിധേയയായ 23 വയസ്സുകാരി, ജനനേന്ദ്രിയത്തിലൂടെ ശരീരവിസർജ്യം പുറത്തേക്ക് പോകുന്നതിനെ തുടർന്ന് കടുത്ത ദുരിതത്തിലാണെന്ന് പരാതി.
പ്രശ്നത്തിന് പരിഹാരമായി വയറിനു പുറത്തായി ‘സ്റ്റോമ ബാഗ്’ ഘടിപ്പിച്ച് വിസർജ്യം പുറത്തെടുക്കാമെന്നായിരുന്നു ഡോക്ടർമാരുടെ നിർദേശം.
എന്നാൽ സ്റ്റോമ ബാഗ് ഘടിപ്പിച്ചിട്ടും ജനനേന്ദ്രിയത്തിലൂടെ വിസർജ്യം പുറത്ത് വരുന്നത് തുടരുകയാണെന്നും വേദന കുറയുന്നില്ലെന്നും യുവതി പറയുന്നു.
ജൂൺ 19നാണ് യുവതി ജില്ലാ ആശുപത്രിയിൽ സിസേറിയൻ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. തുടർന്ന് പ്രശ്നം തുടർന്നതോടെ ജൂലൈ 30ന് സ്റ്റോമ ബാഗ് ഘടിപ്പിച്ചു.
വിവാഹം കഴിഞ്ഞ് നാലുവർഷത്തിന് ശേഷം ജനിച്ച ഏഴ് മാസം പ്രായമായ കുഞ്ഞിനെ മുലയൂട്ടാൻ പോലും കഴിയാത്ത നിലയിലാണെന്ന് യുവതി വ്യക്തമാക്കി.
സിസേറിയൻ കഴിഞ്ഞ് വാർഡിലേക്ക് മാറ്റി മൂന്നാം ദിവസമാണ് തുന്നൽ ഇട്ട ഭാഗം വഴി വിസർജ്യം പോകുന്നുവെന്ന് തിരിച്ചറിഞ്ഞത്. മുറിവ് ഉണങ്ങുമ്പോൾ പ്രശ്നം മാറുമെന്നായിരുന്നു ഡോക്ടർമാരുടെ മറുപടി.
എന്നാൽ സ്ഥിതി മാറാതെ പത്താം ദിവസം ഡിസ്ചാർജ് ചെയ്തു വീട്ടിലെത്തിയപ്പോഴും വേദനയും അസ്വസ്ഥതയും തുടർന്നു. ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും ഡോക്ടറെ കണ്ടതോടെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തെങ്കിലും ഫലമുണ്ടായില്ല.
ജൂലൈ 14ന് ഡോക്ടർ ആംബുലൻസ് വിളിച്ച് യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു.
തുടർന്ന് സിസേറിയൻ സമയത്ത് ജനനേന്ദ്രിയ ഭാഗത്തുണ്ടായ മുറിവ് ഭേദമായാൽ അതുവഴി വിസർജ്യം പുറത്തുവരുന്നത് നിൽക്കുമെന്നും പിന്നീട് സ്റ്റോമ ബാഗ് മാറ്റുമ്പോൾ സാധാരണ രീതിയിൽ വിസർജ്യം പോകുമെന്നും അറിയിച്ചിരുന്നു.
ഇതിനായി ഒക്ടോബർ 22ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറി നടത്തിയെങ്കിലും പ്രശ്നം പരിഹരിക്കാനായില്ല. തുടർന്ന് കുടലിന്റെ കൂടുതൽ ഭാഗം ശരീരത്തിന് പുറത്തുവയ്ക്കുന്ന ശസ്ത്രക്രിയ നവംബർ 5ന് നടത്തി.
നവംബർ 11ന് വീട്ടിലെത്തിയിട്ടും വേദന കുറയാത്തതിനെ തുടർന്ന് ഡിസംബർ 6ന് വീണ്ടും അഡ്മിറ്റ് ചെയ്തു. ഡിസംബർ 23 വരെ ചികിത്സ തുടരുകയുണ്ടായെങ്കിലും പരിഹാരം ലഭിച്ചില്ലെന്നാണ് പരാതി.
ജനനേന്ദ്രിയ ഭാഗത്ത് വീണ്ടും പ്ലാസ്റ്റിക് സർജറി ആവശ്യമാണെന്നും അതിന് മൂന്ന് മാസം കാത്തിരിക്കണമെന്നും ഡോക്ടർമാർ അറിയിച്ചതായി യുവതി പറഞ്ഞു. അതുവരെ വേദന സഹിക്കണമെന്നും പറഞ്ഞ് ഡിസ്ചാർജ് ചെയ്തു.
രണ്ടാഴ്ചയ്ക്കുശേഷം വയറിന്റെ ഇടതുഭാഗത്ത് പഴുപ്പ് ഒലിക്കാൻ തുടങ്ങിയതോടെ അസഹ്യമായ വേദന കാരണം കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
അവിടെ വീണ്ടും ശസ്ത്രക്രിയ നടത്തി സ്റ്റോമ ബാഗിന്റെ സ്ഥാനം മാറ്റിയതായും ഇനിയും രണ്ട് ശസ്ത്രക്രിയ കൂടി വേണമെന്നാണ് അറിയിച്ചതെന്നും കുടുംബം പറയുന്നു. സ്വകാര്യ ആശുപത്രിയിൽ തുടർചികിത്സയ്ക്കുള്ള സാമ്പത്തിക ശേഷിയില്ലാതെ വലയുകയാണ് കുടുംബം.
സംഭവത്തിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അന്വേഷണം നടത്താൻ അഡിഷനൽ ഡിഎംഒ, ആർസിഎച്ച് ഓഫിസർ, ജില്ലാ നഴ്സിങ് ഓഫിസർ എന്നിവരടങ്ങുന്ന സംഘം ഇന്ന് ആശുപത്രിയിലെത്തും.
ഇന്ന് രാവിലെ 11ന് ചികിത്സാ രേഖകളുമായി ഹാജരാകണമെന്ന് ആശുപത്രി അധികൃതർ യുവതിയെ അറിയിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ജനുവരി 6ന് രാവിലെ സൂപ്രണ്ടിന്റെ ചേംബറിലെത്തണമെന്നാവശ്യപ്പെട്ട് ജില്ലാ ആശുപത്രി സൂപ്രണ്ട് യുവതിക്ക് കത്ത് നൽകിയിട്ടുമുണ്ട്.
തുടരന്വേഷണം നടത്തും: ആശുപത്രി സൂപ്രണ്ട്
പരാതി വിദഗ്ധസംഘം പരിശോധിച്ചതായും ചികിത്സിച്ച ഡോക്ടർ നൽകിയ മറുപടിയും കേസ് ഷീറ്റുകളും രേഖകളും പരിശോധിച്ചതിൽ യുവതിക്ക് ഗൈഡ്‌ലൈൻ പ്രകാരമുള്ള പരിചരണവും ചികിത്സയും ലഭിച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി. സുമി പറഞ്ഞു.
സങ്കീർണതകളെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തതായും അറിയിച്ചു.
പരാതിക്കാരിയെ ഉൾപ്പെടുത്തി സർജറി വിഭാഗത്തിലെയും ഗൈനക്കോളജി വിഭാഗത്തിലെയും സീനിയർ ഡോക്ടർമാരുടെ നേതൃത്വത്തിൽ തുടരന്വേഷണം നടത്തുമെന്നും സൂപ്രണ്ട് കൂട്ടിച്ചേർത്തു.
English Summary
A 23-year-old woman alleges severe post-Caesarean complications at Nedumangad District Hospital, claiming fecal discharge through the genital tract despite a stoma bag and multiple surgeries. Police have registered a case against the doctor, and a medical team will conduct an inquiry following her complaint to the Chief Minister.
nedumangad-district-hospital-csection-complication-stoma-bag-complaint-case
Nedumangad, District Hospital, Caesarean, Medical Negligence, Stoma Bag, Post Surgery Complications, Police Case, Kerala Health, Inquiry Team, Complaint to CM









