സി പി രാധാകൃഷ്ണൻ എൻഡിഎ ഉപരാഷ്ട്രപതി സ്ഥാനാർഥി
ന്യൂഡൽഹി: എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി സി.പി.രാധാകൃഷ്ണനെ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ബിജെപി പാർലമെന്ററി ബോർഡ് യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. നിലവിൽ മഹാരാഷ്ട്ര ഗവർണർ ആണ് അദ്ദേഹം.
ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി.നഡ്ഡയാണ് സി പി രാധാകൃഷ്ണന്റെ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.
അടുത്ത ഉപരാഷ്ട്രപതിയെ ഏകകണ്ഠമായി തിരഞ്ഞെടുക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഇതിനായി പ്രതിപക്ഷ നേതാക്കളെ ബന്ധപ്പെട്ടിട്ടുണ്ടെന്നും നഡ്ഡ അറിയിച്ചു.
ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ.സക്സേന, ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത്, കർണാടക ഗവർണർ താവർചന്ദ് ഗെലോട്ട്, സിക്കിം ഗവർണർ ഓംപ്രകാശ് മാത്തൂർ, ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എന്നീ ഒട്ടേറെ പേരുകൾ പരിഗണനയിലുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സി.പി.രാധാകൃഷ്ണനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.
തമിഴ്നാട്ടിൽ നിന്നുള്ള തലമുതിർന്ന ബിജെപി നേതാവാണ് സി.പി. രാധാകൃഷ്ണൻ. ആർഎസ്എസ്, ജനസംഘം എന്നിവയിലൂടെ പൊതുരംഗത്ത് എത്തിയ തിരുപ്പൂർ സ്വദേശിയായ അദ്ദേഹം ബിജെപി തമിഴ്നാട് ഘടകം മുൻ പ്രസിഡന്റാണ്.
കോയമ്പത്തൂരിൽ നിന്ന് രണ്ടു തവണ രാധാകൃഷ്ണൻ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2020 മുതൽ രണ്ടു വർഷം കേരളാ ബിജെപിയുടെ ചുമതല വഹിച്ചിട്ടുണ്ട് (പ്രഭാരി) അദ്ദേഹം.
കൂടാതെ കയർ ബോർഡ് മുൻ ചെയർമാനാണ്. ജാർഖണ്ഡ് ഗവർണർ സ്ഥാനത്തു നിന്നാണ് സി.പി.രാധാകൃഷ്ണൻ മഹാരാഷ്ട്രയുടെ ചുമതലയിലേക്കു മാറിയത്. ഒപ്പം തെലങ്കാനയുടെ അധികച്ചുമതലയും വഹിച്ചിരുന്നു.
ജൂലൈ 21നാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവച്ചത്. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു രാജി.
സെപ്റ്റംബർ 9 നാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ പാർലമെന്റ് ഹൗസിന്റെ ഒന്നാം നിലയിലാണ് വോട്ടെടുപ്പ് നടക്കുക. ഓഗസ്റ്റ് 22 ആണ് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.
Summary: The NDA has announced CP Radhakrishnan as its Vice President candidate. The decision was taken at the BJP Parliamentary Board meeting chaired by PM Narendra Modi. Radhakrishnan is currently serving as the Governor of Maharashtra.