കൊച്ചി: ഫോർട്ടുകൊച്ചിയിൽ മത്സ്യത്തൊഴിലാളിക്കു വെടിയേറ്റ സംഭവത്തിൽ വെടിവയ്‌പു നടത്തിയ നാവികസേനാംഗങ്ങളെ കുറ്റപത്രത്തിൽനിന്ന് ഒഴിവാക്കി. ഫയറിങ് പരിശീലന മുന്നറിയിപ്പു നൽകാനും ആളുകളെ മാറ്റാനും ചുമതലപ്പെടുത്തിയിരുന്ന രണ്ടു പേരാണ് കേസിലെ പ്രതികൾ. കുറ്റപത്രം വൈകാതെ കോടതിയിൽ സമർപ്പിക്കും.Navy personnel who fired in Fort Kochi shooting of fisherman have been cleared from the charge sheet.
കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയല്ല നേവിക്കാർ വെടിവച്ചതെന്നാണു കോസ്‌റ്റൽ പോലീസ് കണ്ടെത്തൽ. ഡ്യൂട്ടിയുടെ ഭാഗമായാണു വെടിവയ്‌പു പരിശീലനം നടത്തിയത്. അതിനാൽ, നാവികരെ പ്രതിയാക്കേണ്ടതില്ലെന്നും തിരുമാനിക്കുകയായിരുന്നു. ഫോർട്ട്‌കൊച്ചി നേവി ക്വാർട്ടേഴ്‌സിനു സമീപം ദ്രോണാചാര്യ പരിശീലന കേന്ദ്രത്തിലായിരുന്നു സംഭവം.
അവിടെ ഫയറിങ് പരിശീലനം നടത്തിയ നാവികസേനാംഗങ്ങൾ ആരും കേസിൽ പ്രതികളല്ല. ആരാണു വെടിവച്ചതെന്നു തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഏതു തോക്കിൽ നിന്നുള്ള വെടിയേറ്റാണു പരുക്കേറ്റതെന്നും ഫോറൻസിക് പരിശോധനയിൽ തിരിച്ചറിയാനായില്ല. തോക്കുകളും തിരകളും ഫോറൻസിക് പരിശോധനയ്‌ക്കയച്ചിരുന്നു. ഫോറൻസിക് പരിശോധനാ ഫലം ലഭിക്കാൻ വൈകിയതാണു കുറ്റപത്രം വൈകാൻ കാരണം.
2022 സെപ്‌റ്റംബർ ആറിനായിരുന്നു കോസിനാസ്‌പദമായ സംഭവം. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്‌റ്റ്യനാണു വെടിയേറ്റത്. മീൻപിടുത്തം കഴിഞ്ഞ് ബോട്ടിൽ മടങ്ങുന്നതിനിടെയായിരുന്നു വെടിയേറ്റത്. ബോട്ടിൽ നിന്നു വെടിയുണ്ട കണ്ടെത്തിയിരുന്നു. വെടിയുണ്ട ഏതു തോക്കിൽ നിന്നാണെന്ന് അറിയാനാണു ഫോറൻസിക് പരിശോധന നടത്തിയത്. നേവിയാണു വെടിവെച്ചതെന്ന ആരോപണവുമായി മത്സ്യത്തൊഴിലാളികൾ രംഗത്തെത്തി.
എന്നാൽ ഇക്കാര്യം നേവി നിഷേധിച്ചതോടെ ബാലിസ്‌റ്റിക് വിദഗ്‌ധരുടെ സഹായത്തോടെ തീരദേശ പോലീസ് അന്വേഷണം തുടങ്ങുകയായിരുന്നു. എന്നാൽ, ഫോറൻസിക് റിപ്പോർട്ടിൽ വ്യക്‌തതയില്ലാതെ വന്നതോടെയാണു റെഡ് സിഗ്നൽ നൽകാൻ ചുമതലപ്പെടുത്തിയിരുന്ന സെൻട്രികളെ മാത്രം പ്രതികളാക്കിയാൽ മതിയെന്നു തീരുമാനിച്ചത്.
മുന്നറിയിപ്പ് ലഭിക്കാതിരുന്നതോടെയാണു ബോട്ടുകാർ വന്നതെന്നാണു പോലീസ് കണ്ടെത്തൽ. അന്നു ഫയറിങ് പരിശീലനം നടത്തിയ ബാച്ചിലുള്ള എല്ലാവരേയും പോലീസ് ചോദ്യംചെയ്‌തിരുന്നു. ഒരുമാസത്തെ പരിശീലനം പൂർത്തിയായിട്ടും കേസന്വേഷണം കാരണം വൈകിയാണ് ഉത്തരേന്ത്യയിൽ നിന്നുള്ള നേവൽസംഘത്തിനു തിരിച്ചുപോകാനായത്. പരിശീലനം നടത്തിയ 16 തോക്കുകളും 32 തിരകളും തൊണ്ടിയായി പിടിച്ചെടുത്തു.
ഒരേസമയം ബാച്ചിലെ അഞ്ചുപേർ വീതം നിരയായി നിന്നാണു പരിശീലനം നടത്തിയത്. ഇതിലാരുടെ വെടിയാണു മത്സ്യത്തൊഴിലാളിക്ക് ഏറ്റതെന്നു കൃത്യമായി കണ്ടെത്താനാകാതിരുന്നതും നേവിക്കാർക്കു രക്ഷയായി. സെബാസ്‌റ്റ്യന്റെ ചെവിക്കാണു വെടിയേറ്റത്. പരുക്കു ഗുരുതരമായിരുന്നില്ല.
നേവി ഉദ്യോഗസ്‌ഥർ ഫയറിങ്ങ് പരിശീലനത്തിന് ഉപയോഗിക്കുന്ന വെടിയുണ്ടയാണു ബോട്ടിൽ നിന്ന് കിട്ടിയത്. നേവി ഉദ്യോഗസ്‌ഥർ അവിടെ ഫയറിങ്ങ് പരിശീലനം നടത്തിയിരുന്നതായും പോലീസ് കണ്ടെത്തി. നേവി ഉദ്യോഗസ്‌ഥർ പരിശീലനം നടത്തുന്നുണ്ടെങ്കിൽ ഇതു മുൻകൂട്ടി അറിയിക്കണമെന്നും, കർശന നടപടി സ്വീകരിക്കണമെന്നും മത്സ്യത്തൊഴിലാളി ഐക്യവേദി ആവശ്യപ്പെട്ടിരുന്നു.