തിരുവനന്തപുരം: നവീൻ ബാബുവിന്റെ മരണത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി നവീൻ ബാബുവിന്റെ ബന്ധു അഡ്വ. അനിൽ പി നായർ രംഗത്ത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സമയമോ മറ്റോ രേഖപ്പെടുത്തിയിട്ടില്ലെന്ന് അനിൽ പി നായർ പറഞ്ഞു.
പോസ്റ്റുമോർട്ടത്തിൽ തൂങ്ങിമരണമാണെന്നാണ് പറയുന്നതെങ്കിലും പൊലീസിന്റെ ഇൻക്വസ്റ്റ് നടപടികൾ സംബന്ധിച്ച് പോസ്റ്റുമോർട്ടത്തിൽ വ്യക്തമാക്കുന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.
” പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഗുരുതര ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് ഞങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നത്. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തരുതെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് പരിഗണിക്കാതെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. തൂങ്ങിമരണമാണ് നവീൻ ബാബുവിന്റേതെന്ന് കാണിക്കുകയും ചെയ്തു.
എന്നാൽ പൊലീസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ട് പരിശോധിക്കാൻ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർ തയ്യാറായില്ലെന്നത് വ്യക്തമാണെന്നും അനിൽ പറയുന്നു. നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറയുണ്ടായിരുന്നുവെന്ന് ഇൻക്വസ്റ്റിൽ ഉണ്ട്. ശരീരത്തിൽ ചതവുകളോ മുറിവുകളോ ഇല്ലാതെ എങ്ങനെ രക്തക്കറ കാണും എന്നാണ് അനിൽ ചോദിക്കുന്നത്. ആന്തരികാവയവങ്ങളിൽ രക്തസ്രാവം സംഭവിക്കാനും ഇടയുണ്ട്. എന്നാൽ ഇത് പരിശോധിക്കാൻ ഡോക്ടർമാർ തയ്യാറായില്ല. ആന്തരികാവയവങ്ങൾ രാസപരിശോധനയ്‌ക്ക് വിധേയമാക്കുകയും ചെയ്തില്ല.”- അഡ്വ. അനിൽ പി നായർ പറഞ്ഞു.
ഇതിന് പിന്നിൽ സത്യം മൂടിവയ്‌ക്കാനുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നു എന്നാണ് അനിൽ പറയുന്നത്. ആരുടെയോ സ്വാർത്ഥ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് ആശുപത്രി അധികൃതർ ശ്രമിക്കുന്നത്. രക്തക്കറ പുരണ്ട നവീൻ ബാബുവിന്റെ അടിവസ്ത്രങ്ങൾ പരിശോധനയ്‌ക്ക് വിധേയമാക്കാത്തതിൽ നിന്ന് കേസ് വഴി തിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് മനസിലാക്കാമെന്നും അതിൽ വ്യക്തമാക്കി.