തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ വിമർശനം ഉന്നയിച്ചതിൻ്റെ പേരിൽ നടപടി നേരിട്ട ഐഎഎസ് ഉദ്യോഗസ്ഥൻ എൻ പ്രശാന്തിന്റെ സസ്പെൻഷൻ ആറുമാസത്തേക്ക് കൂടി നീട്ടി.
ഈ മാസം 10 മുതൽ 180 ദിവസത്തേക്കാണ് സസ്പെൻഷൻ കാലാവധി നീട്ടിയത്. ആറ് മാസത്തേക്ക് കൂടി സസ്പെൻഷൻ കാലാവധി നീട്ടിയതോടെ പ്രശാന്ത് സർവീസിന് പുറത്തിരിക്കേണ്ടി വരും. കഴിഞ്ഞ 6 മാസമായി എൻ പ്രശാന്ത് ഐഎഎസ് സസ്പെൻഷനിലാണ്.
ഡോ.എ.ജയതിലക് ചീഫ് സെക്രട്ടറിയായതിന് പിന്നാലെയാണ് നടപടി വീണ്ടും നീട്ടിയത്. ജയതിലകിനെതിരായ പരസ്യ അധിക്ഷേപങ്ങളുടെ പേരിലാണ് എൻ പ്രശാന്തിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
സസ്പെൻഷൻ കാലത്തും പരസ്യ വിമർശനം തുടരുകയും മേലുദ്യോഗസ്ഥർക്കെതിരെ പരിഹാസം തുടരുകയും ചെയ്തതോടെ സസ്പെൻഷൻ റിവ്യൂ കമ്മിറ്റിയുടെ ശിപാർശ പരിഗണിച്ചാണ് നടപടി വീണ്ടും നീട്ടിയതെന്നാണ് പുറത്തുവരുന്ന വിവരം.
എന്നാൽ മതാടിസ്ഥാനത്തിലുള്ള വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും അത് മറയ്ക്കാൻ പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്ന പരാതി നൽകുകയും ചെയ്തതിന് സസ്പെൻഷനിലായ കെ. ഗോപാലകൃഷ്ണൻ ഐഎഎസിനെ 3 മാസം കൊണ്ട് തിരിച്ചെടുത്തിരുന്നു.