അച്ചടക്ക ലംഘനത്തിന് ചാർജ് മെമ്മോ നൽകിയ ചീഫ് സെക്രട്ടറിയോട് തിരിച്ച് വിശദീകരണം ചോദിച്ച് എൻ പ്രശാന്ത് ഐഎഎസ്. ഏഴ് കാര്യങ്ങൾക്ക് ചീഫ് സെക്രട്ടറി വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടാണ് അസാധാരണ രീതിയിലുള്ള കത്ത് അയച്ചിരിക്കുന്നത്. കത്തിന് മറുപടി തന്നാലേ ചാർജ് മെമ്മോക്ക് മറുപടി നൽകൂവെന്നാണ് എൻ പ്രശാന്ത് ഐഎഎസിന്റെ നിലപാട്.
അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെയും വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന കെ ഗോപാലകൃഷ്ണനെയും ഫേസ് ബുക്കിലൂടെ അപകീർത്തിപ്പെടുത്തിയതിനാണ് എൻ പ്രശാന്തിനെ സസ്പെൻറ് ചെയ്തത്. തൊട്ടു പിന്നാലെ വകുപ്പ് തല അന്വേഷണത്തിൻറെ ഭാഗമായി ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് ചാർജ് മെമ്മോയും നൽകി.
എന്നാൽ മെമ്മോയ്ക്ക് മറുപടി നൽകുന്നതിന് പകരം തിരിച്ച് ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിക്കുകയാണ് പ്രശാന്ത്. ഏഴ് കാര്യങ്ങൾക്ക് മറുപടി നൽകിയാൽ ചാർജ് മെമ്മോക്ക് മറുപടി നൽകുമെന്നാണ് എൻ പ്രശാന്ത് ഐഎഎസ് കത്തിൽ പറയുന്നത്.
തൻറെ ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ ജയതിലകും ഗോപലകൃഷ്ണനും ആർക്കും പരാതി നൽകിയിട്ടില്ലെന്നും സർക്കാർ സ്വന്തം നിലയിൽ മെമോ നൽകുന്നതിൽ എന്ത് യുക്തിയുണ്ടെന്ന് പ്രശാന്ത് ചോദിക്കുന്നു.
സസ്പെൻറ് ചെയ്യുന്നതിന് മുമ്പോ ചാർജ് മെമ്മോ നൽകുന്നതിന് മുമ്പോ എന്ത് കൊണ്ട് തൻറെ ഭാഗം കേൾക്കാൻ തയ്യാറായില്ല? ചാർജ് മെമ്മോക്കൊപ്പം വെച്ച തൻറെ ഫേസ് ബുക്ക് പോസ്റ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ ആരാണ് ശേഖരിച്ചത്? ഏത് സർക്കാർ ഉദ്യോഗസ്ഥൻറെ അക്കൗണ്ടിൽ നിന്നാണിത് ശേഖരിച്ചത് ? ഏത് ഉദ്യോഗസ്ഥനെയാണ് ഇതിന് ചുമതലപ്പെടുത്തിയത്.
തനിക്ക് കൈമാറിയ സ്ക്രീന് ഷോട്ടിൽ കാണുന്നത് ഒരു സ്വകാര്യവ്യക്തിയുടെ അക്കൗണ്ടാണ്. അങ്ങിനെയെങ്കിൽ ഒരു സ്വകാര്യവ്യക്തിയുടെ അക്കൗണ്ടിൽ നിന്നാണ് ചാർജ് മെമ്മോ തയ്യാറാക്കിയതെന്ന് വ്യക്തമാണെന്നും എൻ പ്രശാന്ത് ഐഎഎസ് പറയുന്നു.