തിരുവനന്തപുരം: ഇലക്ട്രിക് സിറ്റി ബസ് വിവാദം രൂക്ഷമാകുന്നതിനിടെ കൂടുതൽ നടപടികളിലേക്ക് കടക്കാനൊരുങ്ങി ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍. ഇലക്ട്രിക് ബസ് സര്‍വീസ് സംബന്ധിച്ച് കെഎസ്ആര്‍ടിസി എംഡിയോടാണ് വിശദമായ റിപ്പോര്‍ട്ട് തേടിയത്. ഓരോ ബസിനും ലഭിക്കുന്ന വരുമാനം, റൂട്ടിന്‍റെ വിവരങ്ങള്‍ ഉള്‍പ്പെടെ നല്‍കാനാണ് നിര്‍ദേശം.
ഇലക്ട്രിക് ബസ് നഷ്ടമാണെന്നും ഇനി വാങ്ങില്ലെന്നുമുള്ള മന്ത്രി ഗണേഷ് കുമാറിന്‍റെ പ്രസ്താവനയാണ് വിവാദങ്ങളിലേക്ക് വഴി വെച്ചത്. ഗണേഷ് കുമാറിനെതിരെ വട്ടിയൂർക്കാവ് എംഎല്‍എ വി കെ പ്രശാന്ത് രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മന്ത്രിയെ തള്ളി പറഞ്ഞ് രംഗത്തെത്തി. ജനങ്ങള്‍ക്ക് ആശ്വാസമെങ്കില്‍ ഇലക്ട്രിക് ബസ് തുടരുമെന്നും മന്ത്രി മാത്രമല്ല, മന്ത്രിസഭയല്ലേ കാര്യം നടത്തുന്നതെന്നുമാണ് വിഷയത്തില്‍ മന്ത്രിയെ തള്ളിക്കൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വ്യക്തമാക്കിയത്.
ഇലട്രിക് സിറ്റി ബസ് സര്‍വീസ് നയപരമായ തീരുമാനമാണെന്നും കെഎസ്ആര്‍ടിസിക്ക് ബാധ്യതയില്ലെന്നുമാണ് വികെ പ്രശാന്ത് എംഎല്‍എയുടെ പ്രതികരണം. ബസിനെ ആശ്രയിക്കുന്ന നിരവധിപേരുണ്ടെന്നും നിലനിര്‍ത്താനാവശ്യമായ നടപടിയുണ്ടാകണമെന്നും നഗരമലിനീകരണം കുറക്കുന്ന ബസുകള്‍ നിലനിര്‍ത്തണമെ്നനും ഇലക്ട്രിക് ബസ് ഒഴിവാക്കുന്നത് ഇടത് മുന്നണി നയമല്ലെന്നും വികെ പ്രശാന്ത് പറഞ്ഞു. നിരക്ക് കൂട്ടുന്നത് പരിഗണിക്കേണ്ടതാണെങ്കില്‍ പരിഗണിക്കാം.