തിരുവനന്തപുരം: തൃശൂർ ബിജെപി തൊടാൻ പോകുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മുഖ്യമന്ത്രി സൂര്യനെപ്പോലെയാണ്, അടുത്ത് പോയാൽ കരിഞ്ഞു പോകുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. തൃശ്ശൂരിൽ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദി നടത്തിയ വിമര്‍ശനത്തോടും രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ കൈ കളങ്കമില്ലാത്തതാണ്. മുഖ്യമന്ത്രിയുടെത് സംശുദ്ധ രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിന്റെ ഉത്തരവാദിത്തം കേന്ദ്രത്തിന്. കേരള പൊലീസല്ല ആ പ്രതികളെ പിടിക്കേണ്ടത്. മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമത്തിന് അടിസ്ഥാനമില്ല. ഇത്രയും നാളായിട്ടും സ്വർണക്കടത്ത് കേസ് തെളിയിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് കേന്ദ്രം പറയുന്നില്ലെന്നും എം.വി ഗോവിന്ദൻ വിമർശിച്ചു. രാമക്ഷേത്ര ഉദ്ഘാടനത്തെ രാഷ്ട്രീയ ആയുധമാക്കാൻ ബിജെപി ശ്രമിക്കുന്നു. ചടങ്ങിൽ പങ്കെടുക്കില്ലെന്നു സിപിഐഎം പറഞ്ഞിട്ടുണ്ട്. കോൺഗ്രസ് നിലപാട് പറഞ്ഞിട്ടില്ല. കോൺഗ്രസ് വർഗീയ നിലപാടിൽ നിന്നു മാറാൻ തയാറല്ല. വർഗീയതയെ ചെറുത്തു തോൽപ്പിക്കാൻ മതനിരപേക്ഷ നിലപാടിലൂടെ ഇന്ത്യ മുന്നണിക്കു കഴിയണം. രാമക്ഷേത്ര നിർമാണത്തെ രാഷ്ട്രീയ ആയുധമാക്കാനുള്ള ബിജെപി ശ്രമം കോൺഗ്രസ് തിരിച്ചറിയണമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
സ്ത്രീകൾക്കെതിരെ രാജ്യത്ത് കടന്നാക്രമണം നടക്കുമ്പോഴാണ് പ്രധാനമന്ത്രി കേരളത്തിൽ വന്നു സ്ത്രീ സുരക്ഷയെക്കുറിച്ച് പറയുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് സ്ത്രീകൾക്കെതിരായ അതിക്രമം കൂടുതൽ. തൃശൂർ ബിജെപി തൊടാൻ പോകുന്നില്ല. കേരളത്തിൽ ഒരു സീറ്റും ബിജെപി പിടിക്കില്ല. വർഗീയ ധ്രുവീകരണമാണ് ബിജെപി ലക്ഷ്യമെന്നും ചാണക വെള്ളം തളിച്ചുള്ള പ്രതിഷേധം ഫ്യൂഡലിസത്തിന്റെ ഭാഗമാണെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
Read Also: വ്യാജരേഖ കേസിൽ കെഎസ്‌യു നേതാവ് അൻസിൽ ജലീലിന് പൊലീസിന്റെ ക്ലീൻ ചിറ്റ്