തൃശൂര്‍: വിജയദശമിയോടനുബന്ധിച്ചുള്ള ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍. വിജയദശമി പഥസഞ്ചലന പൊതുപരിപാടിയിലാണ് അദ്ധ്യക്ഷനായി ഔസേപ്പച്ചന്‍ പങ്കെടുത്തത്. വടക്കുനാഥ ക്ഷേത്ര മൈതാനിയിലെ വിദ്യാര്‍ത്ഥി കോര്‍ണറിലാണ് പരിപാടി നടന്നത്.(Music director Ouseppachan in RSS program)
ആർഎസ്എസിന്റെ പ്രവർത്തനങ്ങൾക്കായി ജീവിതം തന്നെ സമർപ്പിച്ചവരെ വിശുദ്ധരെന്ന് വിളിക്കണം. ജാതി മതഭേദമന്യേ നടക്കുന്ന പരിപാടിയാണ്. എല്ലാ ഭാരതീയരും ഒന്നാണെന്നും നമ്മൾ ഒന്നായി പ്രവർത്തിക്കുകയെന്നും സംസാരിക്കുന്നത് രാഷ്ട്രീയമല്ലെന്നും ഔസേപ്പച്ചൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ബി ഗോപാലകൃഷ്ണൻ വിളിച്ചതിനാലാണ് പരിപാടിയിൽ പങ്കെടുത്തതെന്നും ഔസേപ്പച്ചന്‍ കൂട്ടിച്ചേർത്തു.
ഇതുപോലെ 100 ശതമാനം അച്ചടക്കം വേറെ എവിടെയും കണ്ടിട്ടില്ലെന്നും അധ്യക്ഷപ്രസംഗത്തിൽ ഔസേപ്പച്ചൻ പറഞ്ഞു. വ്യക്തിപരമായ സ്വാർത്ഥതയ്‌ക്ക് ഇടം നൽകാതെ സമൂഹത്തെ സേവിക്കുന്ന സംഘത്തിന് പ്രണാമം അർപ്പിക്കുന്നുവെന്നും ഔസേപ്പച്ചൻ പറഞ്ഞു. പരിപാടിയിലേക്ക് ക്ഷണിച്ചതിന് നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആര്‍എസ്എസിന്റെ പ്രമുഖ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.