ധാക്ക: ബംഗ്ലദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസനെതിരെ കൊലക്കേസെടുത്ത് പോലീസ്. ബംഗ്ലദേശ് പ്രക്ഷോഭത്തിനിടെ യുവാവ് വെടിയേറ്റു മരിച്ച സംഭവത്തിലാണ് നടപടി. ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ മുൻ എംപിയാണ് താരം.(murder case filed against cricketer Shakib Al Hasan)
ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലെ വസ്ത്രവ്യാപാരിയായ റഫിഖുൽ ഇസ്‍ലാമാണ് മകൻ റുബൽ വെടിയേറ്റുമരിച്ച സംഭവത്തിൽ പൊലീസിനെ സമീപിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് റഫിഖുൽ ധാക്ക മെട്രോപോളിറ്റൻ പൊലീസിൽ പരാതി നല്‍കിയത്. കേസിലെ 28–ാം പ്രതിയാണ് ഷാക്കിബ് അൽ ഹസൻ. ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, അവാമി ലീഗ് ജനറൽ സെക്രട്ടറി ഒബൈദുൽ ഖാദർ ഉൾപ്പടെ 154 പേർ കേസിൽ പ്രതികളാണ്. കണ്ടാല്‍ തിരിച്ചറിയുന്ന 500 പേർക്കെതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു.
ഷാക്കിബ് ഉള്‍പ്പടെയുള്ള പ്രതികളുടെ ആഹ്വാന പ്രകാരമാണ് ഓഗസ്റ്റ് അഞ്ചിന് അബദോറിലെ റിങ് റോഡിലെ സംഘർഷത്തിൽ റുബലിന് വെടിയേറ്റതെന്ന് പരാതിക്കാരൻ ആരോപിച്ചു. നെഞ്ചിലും വയറിലും വെടിയേറ്റ റുബലിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടെസ്റ്റ് പരമ്പര കളിക്കാനായി പാക്കിസ്ഥാനിലെ റാവൽപിണ്ടിയിലാണ് ഷാക്കിബ്.