കുന്നംകുളം: പള്ളി പെരുന്നാൾ ആഘോഷങ്ങൾക്കിടെ നഗരസഭ കൗൺസിലർക്ക് പൊലീസിന്റെ ക്രൂരമർദനം. കുന്നംകുളം ഗുരുവായൂർ റോഡിൽ മെയിൻ റോഡ് സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി പെരുന്നാൾ ആഘോഷത്തിനിടെ പള്ളിക്കു മുന്നിൽ വെച്ചായിരുന്നു കൗൺസിലർക്ക് മർദനമേറ്റത്.
നഗരസഭ 22ാം വാർഡ് കൗൺസിലറായ സി.പി.എം അംഗം എ.എസ്. സനലിനാണ് മർദനമേറ്റത്. പൊലീസ് ആക്രമണത്തിൽ പരിക്കേറ്റ കൗൺസിലറെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം.
കുറുക്കൻപാറ ദേശക്കാരുടെ ആഘോഷം പള്ളിയിലേക്ക് എത്തുന്നതോടെ ഒരുകൂട്ടം പേരെ പള്ളി അങ്കണത്തിലേക്ക് പ്രവേശിപ്പിക്കുകയും കുറെ പേരെ റോഡിന്റെ മറുവശത്ത് തടഞ്ഞു നിർത്തുകയും ചെയ്തത് ചോദ്യം ചെയ്തതോടെ പൊലീസ് ലാത്തി കൊണ്ട് മർദിക്കുകയായിരുന്നു.
ഇത് കണ്ട് സമീപത്ത് നിന്നെത്തിയ പൊലീസുകാരും സനലിനെ ക്രൂരമായി മർദിച്ചു. ഇതിനിടയിൽ കൗൺസിലർ ആണെന്ന് ഇയാളും കൂടെയുള്ളവരും പറഞ്ഞുവെങ്കിലും പൊലീസ് ഇയാളെ മർദിക്കുകയായിരുന്നുവെന്ന് പറയുന്നു.
ഒരേ ആഘോഷ കമ്മിറ്റിയുടെ എഴുന്നള്ളിപ്പുമായി വന്നവരിൽ ഒരു വിഭാഗത്തെ പൊലീസ് തള്ളിയതോടെ പ്രകോപിതരായ സംഘം ചോദ്യം ചെയ്തതാണ് മർദനത്തിൽ കലാശിച്ചത്.
ദേഹത്ത് പലയിടത്തും കൗൺസിലർക്ക് ചതവേറ്റിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയും അടുപ്പൂട്ടി പള്ളി പെരുന്നാളിന് ആഘോഷ കമ്മിറ്റിക്കാരെ തള്ളിമാറ്റി മർദിച്ച സംഭവം നടന്നിരുന്നു.
പള്ളി പെരുന്നാൾ ആഘോഷങ്ങളിലെ ക്രമസമാധാന നിയന്ത്രണത്തിന് വരുന്ന പൊലിസ് ഉദ്യോഗസ്ഥർ അകാരണമായി ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരെ മർദിക്കുന്ന സംഭവത്തിൽ ഫെസ്റ്റിവൽ കോഓഡിനേഷൻ കമ്മിറ്റി അപലപിച്ചു.
സംഭവത്തിൽ കുന്നംകുളം എസ്.പി ക്ക് പരാതിയും നൽകിയിട്ടുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്ന് സംഭവിച്ച വീഴ്ച സംബന്ധിച്ച് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
സി.പി.എം കൗൺസിലറെ മർദിച്ച സംഭവം ഒതുക്കി തീർക്കാൻ ഭരണകക്ഷിയിലെ പ്രമുഖരും രംഗത്തുവന്നതായി അറിയുന്നു. പരാതിയിൽനിന്ന് പിൻതിരിപ്പിക്കാനും പാർട്ടി തലത്തിൽ ഇടപെടൽ നടക്കുന്നതായും സൂചനയുണ്ട്.
Municipal councilors were attacked by the police