എല്ലാം കണ്ടു കൊണ്ട് കെഎൽ 15 8047 എന്ന ആ ലാസ്റ്റ് ബസ് ആറു ദിവസങ്ങളായി കാത്തു കിടക്കുകയായിരുന്നു. ഒടുവിൽ ചൂരൽമലയുടെ ദുരിതങ്ങൾ നേരിട്ടു കണ്ട അത് ഇന്നലെ കൽപ്പറ്റയിൽ തിരിച്ചെത്തി. (Mundakai’s ‘Last Bus’ is finally back in Kalpatta)
ആറുദിവസമായി പുഴയ്ക്കക്കരെ കുടുങ്ങിക്കിടക്കുകയായിരുന്നു. വർഷങ്ങളായി കൽപ്പറ്റയിൽനിന്നു രാത്രിയിൽ മുണ്ടക്കൈയിലേക്ക് ഓടുകയും രാത്രി ചൂരൽമലയിൽ നിർത്തിയിടുകയും ചെയ്യുന്ന അവസാനബസ്.
ബസ് നിർത്തിയിട്ടയിടം ചെളി മൂടി കിടക്കുകയുമായിരുന്നു. ഇന്നലെ ഉച്ചയോടെ ചെളി നീക്കി വഴിയൊരുക്കിയാണ് ബസ് ബെയ്‌ലി പാലം വഴി കൽപറ്റയിലെത്തിച്ചത്.
ചൂരൽമല ക്ഷേത്രത്തിനു സമീപമുള്ള ക്ലിനിക്കു മുൻപിൽ ബസ് പാർക്ക് ചെയ്ത്, ക്ലിനിക്കിനോടു ചേർന്നുള്ള മുറിയിലാണ് ഡ്രൈവറും കണ്ടക്ടറും കഴിഞ്ഞ 29 നും ഉറങ്ങാൻ കിടന്നത്. എന്നാൽ ആ രാത്രി കാര്യങ്ങൾ മാറിമറിഞ്ഞു.
പാറക്കല്ലുകളും മരങ്ങളും ഒഴുകിവന്ന് ഇടിക്കുന്നതിന്റെ ശബ്ദം കേട്ടാണ് ഇരുവരും എഴുന്നേറ്റത്.
ചൊവ്വ രാവിലെ ഒരു മണിയോടെയാണ് ഉരുൾ പൊട്ടിയത്. പക്ഷേ അതു ചൂരൽമലയിൽനിന്നു രണ്ടരകിലോമീറ്റർ ദൂരെയായതിനാൽ ബസിന്റെ കണ്ടക്ടർ സി.കെ.മുഹമ്മദ് കുഞ്ഞിയും ഡ്രൈവർ പി.വി.സജിത്തും ശബ്ദം കേട്ടില്ല.
നാലുമണിയോടെ വീണ്ടും ഉരുൾപൊട്ടി. സുരക്ഷിതരാണെന്ന് ഇരുവരും കൽപറ്റ സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചെങ്കിലും ബസിനു പുറത്തിറങ്ങിയപ്പോൾ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു എന്ന് ഇവർ പറയുന്നു.
അവർ വന്ന വഴിയും പാലവും അവർ ആളെക്കയറ്റുകയും ഇറക്കുകയും ചെയ്ത നാടും ഉരുൾപ്പൊട്ടൽ നാമാവശേഷമാക്കിയിരുന്നു. അതിൽ നിന്ന് രക്ഷപ്പെട്ടുവെന്ന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല ഇവർക്ക്.