മുനമ്പം (കൊച്ചി ) : റവന്യൂ അവകാശങ്ങൾ ഉടനടി പുന:സ്ഥാപിക്കണമെന്ന ആവശ്യവുമായി മുനമ്പം ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ചെറായി -മുനമ്പം നിവാസികൾ അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിച്ചു.Munambam residents have started an indefinite relay hunger strike
ബീച്ച് വേളാങ്കണ്ണി മാതാ ദേവാലയാങ്കണത്തിൽ ആരംഭിച്ച നിരാഹാരസത്യഗ്രഹം വികാരി ഫാ. ആന്റണി സേവ്യർ തറയിൽ ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടാൻ മഹാത്മാഗാന്ധി ഉപയോഗിച്ച സമരവിധി തന്നെ ആധുനിക അധിനിവേശക്കാരിൽ നിന്ന് സ്വാതന്ത്ര്യം നേടാൻ മുനമ്പം കടപ്പുറംകാർ അവലംബിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
വഖഫ് നിയമത്തിന്റെ ദുരുപയോഗം മൂലം പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതങ്ങളിൽ നിന്നും മോചനം നേടാൻ തീരുമാനിച്ചുറച്ചിട്ടു തന്നെയാണ് ഈ സഹന സമരം ആരംഭിച്ചിരിക്കുന്നതെന്നും ലക്ഷ്യം നേടിയതിനു ശേഷമേ ഇത് അവസാനിപ്പിക്കൂ എന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി.
കേരളസർക്കാരിന്റെ സത്വരവും നീതിപൂർവകവുമായ ഇടപെടലിനായി മുനമ്പം ജനത കാത്തിരിക്കുകയാണെന്ന് സമര നേതാക്കൾ പറഞ്ഞു. സ്വന്തം ഭൂമിയിലെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചെടുക്കൽ ആണ് തങ്ങളുടെ സമരത്തിന്റെ ഉദ്ദേശ്യലക്ഷ്യമെന്നും പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സിജി അയിൽ പറഞ്ഞു.
ജോസഫ് ബെന്നി, ബെന്നി കല്ലിങ്കൽ, മുനമ്പം ഭൂസംരക്ഷണ സമിതി ചെയർമാൻ സെബാസ്റ്റ്യൻ റോക്കി പാലയ്ക്കൽ, ധീവര സമുദായ നേതാവ് ബാബു കറാൻ, എസ്എൻഡിപി ശാഖ കമ്മിറ്റി മെമ്പർ പ്രദീപ് മുത്തണ്ടാശ്ശേരി, ഷബിൻ ലാൽ, ജോയി പനക്കൽ എന്നിവർ പ്രസംഗിച്ചു.
സമരത്തിനു പിന്തുണ അറിയിച്ചു പൂഞ്ഞാർ സെന്റ മേരീസ് ദേവാലയ പ്രതിനിധികൾ, ബിജെപി സ്റ്റേറ്റ് കമ്മിറ്റി അംഗം ഇ.എസ്. പുരുഷോത്തമൻ, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് ജോൺ പോൾ എന്നിവർ ഇന്നലെ മുനമ്പത്തെത്തിയിരുന്നു.