ഫിലിം ചേംബര്‍ തെരഞ്ഞെടുപ്പ്; സാന്ദ്രാ തോമസ് തോറ്റു
കൊച്ചി: ഫിലിം ചേംബറിന്‍റെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മമ്മി സെഞ്ച്വറി തെരഞ്ഞെടുക്കപ്പെട്ടു. സാബു ചെറിയാൻ വൈസ് പ്രസിഡന്‍റായും തെരഞ്ഞെടുക്കപ്പെട്ടു. അതേസമയം സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച സാന്ദ്രാ തോമസ് പരാജയപ്പെട്ടു.
ദിവസങ്ങൾക്ക് മുൻപ് ചേംബര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് സജി നന്ത്യാട്ട് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് തെരഞ്ഞെടുപ്പ് നടത്തിയത്.
ചേംബര്‍ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നേരത്തെ തന്നെ നിര്‍മാതാവ് സാന്ദ്രാ തോമസ് വ്യക്തമാക്കിയിരുന്നു. തുടർന്ന് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ നാമനിര്‍ദേശ പത്രിക നൽകുകയായിരുന്നു.
സംഘടനാ നേതൃത്വത്തിലെ ചിലരുമായി നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തിൽ ഫിലിം ചേംബര്‍ സെക്രട്ടറി സ്ഥാനം രാജിവെക്കുകയായിരുന്നുവെന്നായിരുന്നു സജി നന്ത്യാട്ടിന്റെ പ്രതികരണം.
കൂടാതെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് സജി സാന്ദ്രാ തോമസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, ഫിലിം ചേംബറിലെ സജിയുടെ അംഗത്വം വ്യാജമാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ സജിയുടെ അംഗത്വം തന്നെ ചേംബര്‍ എക്സിക്യൂട്ടീവ് റദ്ദാക്കുകയായിരുന്നുവെന്നാണ് ചേംബര്‍ നേതൃത്വം നൽകിയ വിശദീകരണം. അംഗത്വം നഷ്ടമായതോടെയാണ് സജി രാജിവച്ചത് എന്നും ചേംബര്‍ അറിയിച്ചു.
ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടികൊണ്ടുപോയ കേസിൽ നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.
നടി നൽകിയ മുൻകൂർ ജാമ്യ അപേക്ഷയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജാമ്യ ഹർജി ഓണം അവധിക്ക് ശേഷം കോടതി പരിഗണിക്കും.
ബാറിലുണ്ടായ തർക്കത്തിനെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ തെന്നിന്ത്യൻ താരം ലക്ഷ്മി മേനോനെ പ്രതിയാക്കി നോർത്ത് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഞായറാഴ്ച കൊച്ചിയിലെ ബാനർജി റോഡിലുള്ള ബാറിൽ വച്ചായിരുന്നു ഇരുകൂട്ടരും തമ്മിൽ തർക്കവും കയ്യാങ്കളിയുമുണ്ടായത്. ലക്ഷ്മി മേനോനും സുഹൃത്തുക്കളും ഒരു ഭാഗത്തും മറ്റൊരു സംഘം മറുഭാഗത്തുമായുണ്ടായ തർക്കം പിന്നീട് റോഡിലേക്കു നീങ്ങി.
പരാതിക്കാരനായ അലിയാർ ഷായും സുഹൃത്തുക്കളും ബാറിൽ നിന്നു മടങ്ങിയതിനു പിന്നാലെ പ്രതികൾ ഇവരുടെ കാറിനെ പിന്തുടർന്നു.
രാത്രി 11.45ഓടെ നോർത്ത് റെയിൽവേ പാലത്തിനു മുകളിൽ വച്ച് പ്രതികൾ കാർ തടഞ്ഞ് പരാതിക്കാരനെ കാറിൽനിന്ന് വലിച്ചിറക്കി കൊണ്ടുപോയെന്നാണ് പരാതിയിൽ പറയുന്നത്.
കാറിൽ വച്ച് മുഖത്തും ദേഹത്തുമെല്ലാം മർദ്ദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും അലിയാർ ഷാ സലീം ആരോപിച്ചു. പിന്നീട് ഇയാളെ ആലുവ പറവൂർ കവലയിൽ ഇറക്കിവിടുകയായിരുന്നു.
തുടർന്ന് തിങ്കളാഴ്ച നോർത്ത് പൊലീസ് സ്റ്റേഷനിൽ യുവാവ് നൽകിയ പരാതിയെ തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കാറിന്റെ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആണ് പ്രതികളിലെത്തിച്ചത് .
സംഭവ സമയത്ത് ലക്ഷ്മി മേനോനും കാറില്‍ ഉണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടിയെയും പോലീസ് പ്രതിചേർത്തത്. ഇവർ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.
നടിക്കൊപ്പം മിഥുൻ, അനീഷ് എന്നിവരും മറ്റൊരു പെൺസുഹൃത്തും ആയിരുന്നു കാറിലുണ്ടായിരുന്നതെന്നും പൊലീസ് എഫ്ഐആറിൽ പറയുന്നു. കേസിൽ മിഥുനെയും അനീഷിനെയും എറണാകുളം നോർത്ത് പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
Summary: Mummy Century wins Film Chamber General Secretary post, Sabu Cherian elected Vice President. Sandra Thomas, who contested for secretary, loses.









