മുംബൈ: മുംബൈയിൽ ഇന്നലെ ഉണ്ടായ ബോട്ട് അപകടത്തിൽ മലയാളി ദമ്പതികളെ കാണാതായതായി സംശയം. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ആറു വയസ്സുകാരനായ മലയാളി ബാലനാണ് മാതാപിതാക്കളെ കാണാനില്ലെന്ന് വിവരം നൽകിയത്. ബോട്ട് യാത്രയിൽ മാതാപിതാക്കൾ ഒപ്പം ഉണ്ടായിരുന്നെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു.(Mumbai boat accident; Malayali couple missing)
ഉറാനിലെ ജെഎൻപിടി ആശുപത്രിയിലാണ് നിലവിൽ കുട്ടി ചികിത്സയിലുള്ളത്. മറ്റ് ആശുപത്രികളിൽ കുട്ടിയുടെ രക്ഷിതാക്കളുണ്ടോ എന്ന് പരിശോധിക്കുകയാണ് പോലീസ്. അപകടത്തിൽ ഇതുവരെ 13 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. ചികിൽസയിലുള്ള നാല് പേരുടെ നില ഗുരുതരമാണ്.
യാത്രക്കാരുമായി പോയ ബോട്ടിൽ നാവിക സേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടിലിടിച്ചാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ 3 നാവിക സേന ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ട്. 101 പേരെയാണ് രക്ഷപ്പെടുത്തിയത്.