തിരൂരിൽ മാർക്കറ്റിൽ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് ഓട്ടോറിക്ഷകളിൽ പച്ചക്കറികളും മറ്റു പലചരക്ക് സാധനങ്ങളും അനധികൃതമായി കൊണ്ടുപോകുന്നത് കാരണം അവിടെയുള്ള ഗുഡ്സ് വാഹനങ്ങൾക്ക് ഓട്ടം ലഭിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ, പാസഞ്ചർ ഓട്ടോറിക്ഷകളിൽ ചരക്ക് സാധനങ്ങൾ കൊണ്ടുപോകുന്നതിനെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. (Motor vehicle department with strict action; Charged more than half a lakh rupees)
30ഓളം വാഹനങ്ങൾക്കെതിരെ കേസെടുത്തു. 52,500 രൂപ പിഴയടയ്ക്കാൻ നോട്ടീസ് നൽകി. മലപ്പുറം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ പി.എ. നസീറിന്റെ നിർദ്ദേശപ്രകാരം മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ വൈ.ജയചന്ദ്രൻ, അയ്യപ്പദാസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ എം.സലീഷ് , വി.രാജേഷ് , പി.അജീഷ് എന്നിവർ പങ്കെടുത്തു.
സ്വകാര്യ വാഹനത്തിൽ ചരക്ക് സാധനങ്ങൾ കൊണ്ടുപോയ മൂന്നു വാഹന ഉടമകൾക്കെതിരെയും ഫിറ്റ്നസ് ഇല്ലാത്തതും റോഡ് ടാക്സ് അടക്കാത്തതുമായ ആറു ചരക്കു വാഹന ഉടമകൾക്കെതിരെയും നടപടി ആരംഭിച്ചിട്ടുണ്ട്. പാസഞ്ചർ ഓട്ടോയിൽ ചരക്ക് സാധനങ്ങൾ കൊണ്ടുപോയ 12ഓളം ഓട്ടോറിക്ഷകൾക്കെതിരെ കേസെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു . തിരൂർ ബസ് സ്റ്റാൻഡിൽ നടത്തിയ വാഹന പരിശോധനയിൽ തിരൂർ ചെമ്മാട് റൂട്ടിൽ പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയ സ്വകാര്യബസിനെതിരെ കേസെടുത്തു. സർവീസ് നിറുത്തിവെപ്പിച്ചു.