വാഹന പുകപരിശോധനാ സർട്ടിഫിക്കറ്റ് വ്യാജമായിനൽകുന്നത് തടയുന്നതിനായി ‘പൊലൂഷൻ ടെസ്റ്റിങ് വിത്ത് ജിയോ ടാഗിങ്’ എന്ന പുതിയ ആപ്പുമായി മോട്ടോർ വാഹനവകുപ്പ്. പുകപരിശോധനാകേന്ദ്രം രജിസ്റ്റർചെയ്തതിന്റെ 50 മീറ്റർ ചുറ്റളവിൽനിന്ന് മാത്രമേ വാഹനത്തിന്റെ ഫോട്ടോയെടുത്ത് പുകപരിശോധന നടത്താനാവൂ.നമ്പർപ്ലേറ്റിന്റെ ഫോട്ടോയും വാഹനത്തിന്റെ ദൂരേനിന്നുള്ള ഫോട്ടോയും വേണം. ഇത് ആപ്പിൽ അപ്ലോഡ് ചെയ്യണം. അതിനുശേഷമേ പരിശോധന തുടങ്ങുകയുള്ളൂ. അപ്പോൾ ആപ്പ് മുഖേന മോട്ടോർ വാഹനവകുപ്പിന് വിവരങ്ങൾ ലഭിക്കും.
ഒരു കേന്ദ്രത്തിലെ മൂന്ന് ഫോണിലാണ് ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യാനാവുക. കേന്ദ്രം നടത്തിപ്പുകാർ അതത് ജില്ലയിലെ ആർ.ടി.ഒ.യ്ക്ക് ഫോൺ ഹാജരാക്കിയാൽ ആപ്പ് ഇൻസ്റ്റാൾ ചെയ്തുനൽകും. പരിശോധനയ്ക്കായി വാഹനം എത്തിക്കാതെ, നടത്തിപ്പുകാരന്റെ ഫോണിലേക്ക് ഫോട്ടോ അയച്ചുനൽകി സർട്ടിഫിക്കറ്റ് കൈക്കലാക്കുന്ന സ്ഥിതി വർധിച്ചപ്പോഴാണ് ഇത്തരത്തിലൊരു നീക്കം മോട്ടോർ വാഹനവകുപ്പ് കൈക്കൊണ്ടത്.
ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ നിർദേശപ്രകാരം അംഗീകൃത പുകപരിശോധനാകേന്ദ്ര നടത്തിപ്പുകാർക്ക് ആപ്പ് പരിചയപ്പെടുത്തി. പുകപരിശോധന സർട്ടിഫിക്കറ്റ് വ്യാജമായി സംഘടിപ്പിച്ച സ്ഥാപനത്തിനു നേരേ കഴിഞ്ഞദിവസം മോട്ടോർ വാഹനവകുപ്പ് നടപടിയെടുത്തിരുന്നു.കൂടുതൽ വാഹനങ്ങളുള്ള ഉടമയാണെങ്കിൽ പെട്രോൾ, ഡീസൽ അടിച്ച് കേന്ദ്രത്തിലേക്ക് വാഹനം എത്തിക്കുന്നതിനുപകരം ചില കേന്ദ്രത്തിന്റെ നടത്തിപ്പുകാർ ലാപ്ടോപ്പുമായി പോയി പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകും. വ്യാജമായി സർട്ടിഫിക്കറ്റ് നൽകുന്നതിനെതിരേ പുകപരിശോധനാ കേന്ദ്രങ്ങളുടെ അസോസിയേഷനുകളും രംഗത്തുവന്നിരുന്നു. പുതിയ ആപ്പിനെ അവർ സ്വാഗതം ചെയ്യുന്നുമുണ്ട്.
ജിയോ മാപ്പിങ് സംവിധാനമുള്ള ആപ്പ് നാഷണൽ ഇൻഫർമാറ്റിക് സെന്ററാണ് നിർമിച്ചത്. രാജ്യവ്യാപകമായി എല്ലാ സംസ്ഥാനങ്ങൾക്കും ഉപയോഗിക്കാൻ നിർദേശമുണ്ട്. ആപ്പിന്റെ ലഭ്യതയനുസരിച്ച് അതത് സംസ്ഥാനങ്ങൾ ഉപയോഗിക്കുകയാണ് ചെയ്യുന്നത്.
Read Also : ഏഴാം ക്ലാസ്സുകാരൻ ആത്മഹത്യ ചെയ്ത സംഭവം; മൂന്ന് അധ്യാപകർക്ക് സസ്പെൻഷൻ