കോഴിക്കോട്: ലഹരിക്ക് അടിമയായ മകനെ പോലീസിൽ ഏൽപിച്ച് അമ്മ. കോഴിക്കോട് ഏലത്തൂരിലാണ് സംഭവം. ഏലത്തൂർ സ്വദേശി രാഹുലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ് പൊലീസ് വീട്ടിലെത്തി രാഹുലിനെ പിടികൂടുകയായിരുന്നു.
അമ്മയെയും മുത്തശ്ശിയെയും കൊല്ലുമെന്ന് രാഹുൽ ഭീഷണി മുഴക്കിയിരുന്നു. സഹോദരിയുടെ കുഞ്ഞിനെ കൊന്ന് ജയിലിൽ പോകുമെന്നും രാഹുൽ ഭീഷണിപ്പെടുത്തിയിരുന്നു. നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. 13 വയസ് മുതൽ ലഹരി ഉപയോഗിക്കാൻ തുടങ്ങിയെന്നാണ് രാഹുൽ പറയുന്നത് എന്നും അമ്മ പറഞ്ഞു.
ലഹരി ഉപയോഗം തിരുത്താൻ ശ്രമിച്ചിരുന്നു എന്നും അമ്മ പ്രതികരിച്ചു. പോക്സോ കേസ്, അടിപിടി കേസ് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കാപ്പയൊന്നും ചുമത്തിയിട്ടില്ല. ഇന്നലെ രാത്രിയാണ് പൊലീസിനെ വിവരം അറിയിച്ചത്.
കൊല്ലുന്നതിനുളള ദിവസവും മകൻ തീരുമാനിച്ചിരുന്നു എന്നും രാഹുലിന്റെ അമ്മ പറഞ്ഞു. പോക്സോ കേസിലാണ് രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.