ശ്വാസകോശ സംബന്ധമായ രോഗികളിൽ ഏഷ്യയിൽ തന്നെ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയിലെ അർബുദ സംബന്ധമായ മരണങ്ങളിൽ ഗണ്യമായ ഒരുഭാഗം ശ്വാസകോശ അർബുദം മൂലമാണ്. 2025 ഓടെ ഇന്ത്യയിലെ നഗരപ്രദേശങ്ങളിൽ രോഗികളുടെ എണ്ണം കൂടുമെന്നാണ് ഗവേഷകർ പറയുന്നത്. (Most lung cancer patients in India are non-smokers; The reason is different)
ഏകദേശം പത്ത് വർഷം മുമ്പാണ് ഇന്ത്യയിൽ ശ്വാസകോശ അർബുദം പ്രത്യക്ഷപ്പെടുന്നത്.ശ്വാസകോശ അർബുദത്തിന്റെ നിരക്ക് 1990 ൽ 6.62 ശതമാനമായിരുന്നു.ഇത് 2019 ആയപ്പോഴേക്കും 7.7 ശതമാനമായി ഉയർന്നു. 2020ൽ ഏറ്റവും കൂടുതൽ ശ്വാസകോശ അർബുദ രോഗം റിപ്പോർട്ട് ചെയ്തത് ചൈന, ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിലാണ്.
ആസ്‌ബെറ്റോസ്,ക്രോമിയം,കാഡ്മിയം,അർസെനിക്,കൽക്കരി,സെക്കൻഡ്ഹാൻഡ് സ്‌മോക്കിങ് തുടങ്ങിയവയെല്ലാം ശ്വാസകോശ അർബുദം വർധിപ്പിക്കുമെന്നതിന് പ്രധാനകാരണങ്ങളാണെന്നും ഗവേഷകർ പറയുന്നു. വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മലിനമായ 40 നഗരങ്ങളിൽ 37 എണ്ണവും ദക്ഷിണേഷ്യയിലാണ്. ഇതിൽ ഏറ്റവും മലിനമായ നാല് രാജ്യങ്ങളുടെ പട്ടികയിൽ ഒന്ന് ഇന്ത്യയാണെന്നും ഗവേഷകർ പറയുന്നു.
ഇന്ത്യയിലെ ശ്വാസകോശ അർബുദ രോഗികളിൽ ഭൂരിഭാഗവും പുകവലിക്കാത്തവരെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. പുകവലിക്കാത്തവരിൽ പോലും വായു മലിനീകരണം ശ്വാസകോശ അർബുദത്തിന് കാരണമാകുന്നെന്നും ഗവേഷകർ പറയുന്നു. ദി ലാൻസെറ്റ് റീജണൽ ഹെൽത്ത് സൗത്ത്-ഈസ്റ്റ് ഏഷ്യ ജേർണലിലാണ് ഇതുസംബന്ധിച്ച പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.