കായംകുളം: കായംകുളത്ത് വൻ കള്ളപ്പണ വേട്ട. ഒരുകോടിയിലധികം രൂപയുമായി കരുനാഗപ്പള്ളി സ്വദേശികളായ മൂന്നുപേർ പിടിയിലായി. കരുനാഗപ്പള്ളി കട്ടപ്പന മൻസിലിൽ നസീം (42), പുലിയൂർ റജീന മൻസിലിൽ നിസാർ (44), റിയാസ് മൻസിലിൽ റമീസ് അഹമ്മദ് (47) എന്നിവരാണ് അറസ്റ്റിലായത്.
ബെംഗളൂരുവിൽ നിന്ന് കായംകുളം റയിൽവെ സ്റ്റേഷനിൽ വന്നിറങ്ങിയപ്പോഴാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്നും 1,01,01,150 രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തു. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പൊലീസും ചേർന്നാണ് മൂന്നംഗ സംഘത്തെ പിടികൂടിയത്.
മൂന്ന് പേരും വിദേശ രാജ്യങ്ങളിൽ ജോലി നോക്കിയിരുന്നവരാണ്. നാട്ടിൽ വന്നതിന് ശേഷം ഒരു വർഷമായി മാസത്തിൽ രണ്ടും മൂന്നും തവണ ബെംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിൽ പോയി വൻതോതിൽ കള്ളപ്പണം കടത്തിക്കൊണ്ടുവരികയാണ് ചെയ്യുന്നത്. ഇവർക്ക് പിന്നിലുള്ളവരെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇവർ ഇതിനു മുമ്പ് പല തവണ കള്ളപ്പണം കടത്തിയിട്ടുണ്ടെങ്കിലും പിടിയിലാകുന്നത് ആദ്യമായാണ്.
കായംകുളം ഡി വൈ എസ് പി എൻ. ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വൻതോതിൽ കള്ളപ്പണം പിടികൂടിയത്. കായംകുളം സി ഐ അരുൺ ഷാ, എസ് ഐ രതീഷ് ബാബു, എ എസ് ഐ പ്രിയ, ജയലക്ഷ്മി, ജിജാ ദേവി, സീനിയർ സി പി ഒ അനൂപ്, സജീവ്, അഷറഫ് എന്നിവരും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് ഇവരെ പിടികൂടിയത്.
More than one crore rupees was seized from the hands of those who got down from Bengaluru at Kayamkulam railway station









