കാസർകോട്: ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ തൊഴിൽ തട്ടിപ്പിൽ പണം നഷ്ടപ്പെട്ട കൂടുതൽ പേർ പരാതിയുമായി രംഗത്ത്. ഡിവൈഎഫ്ഐ കാസർകോട് മുൻ ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈക്കെതിരെ മൂന്നു കേസുകൾ കൂടി രജിസ്റ്റർ ചെയ്തു
ബൽത്തക്കല്ല് സ്വദേശിനിയായ സച്ചിത റൈ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ അസിസ്റ്റൻറ് മാനേജർ ജോലി നൽകാമെന്ന് പറഞ്ഞ് 15 ലക്ഷം രൂപ തട്ടിയെടുത്തെന്ന കുമ്പള കിദൂർ സ്വദേശിനി നിഷ്മിത ഷെട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുന്നതിനിടെയാണ് മറ്റു മൂന്നു പേർ കൂടി പരാതിയുമായി പൊലീസിനെ സമീപിച്ചത്.
മഞ്ചേശ്വരം ബഡൂരിലെ സ്കൂൾ അധ്യാപികയായ സച്ചിത റൈ അധ്യാപക സംഘടനയായ കെഎസ്ടിഎയുടെ ഉപജില്ലാ കമ്മിറ്റി അംഗം കൂടിയാണ്.
കർണാടകയിൽ അടക്കം ജോലി വാഗ്ദാനം ചെയ്ത് യുവതി പണം തട്ടിയെടുത്തെന്നാണ് പരാതി. മഞ്ചേശ്വം, ബദിയടുക്ക പൊലീസ് സ്റ്റേഷനുകളിലാണ് യുവതിക്കെതിരെ പുതിയ പരാതികൾ ലഭിച്ചത്.
കടമ്പാർ മൂഡംബയലിൽ താമസിക്കുന്ന മോക്ഷിത് ഷെട്ടിയാണ് ഒരു ലക്ഷം രൂപ പറ്റിച്ചുവെന്ന് പരാതി നൽകിയിരിക്കുന്നത്. കർണാടക എക്സൈസിൽ ക്ലർക്കിൻറെ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞാണ് പണം തട്ടിയതെന്നും പരാതിയിൽ പറയുന്നു.
കാസർകോട്ടെ കേന്ദ്രീയ വിദ്യാലയത്തിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് 7,31,500 രൂപ തട്ടിയെടുത്തുവെന്ന പരാതിയിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ദേലംപാടി സ്വദേശി കുമാരി സുചിത്രയാണ് പരാതിക്കാരി. ജനുവരി എട്ടിനും ജൂൺ 14നും ഇടയിലുള്ള കാലയളവിലാണ് ഇത്രയും തുക നൽകിയതെന്നും പരാതിയിൽ പറയുന്നു.
ബാഡൂരിലെ ബി എസ് മലേഷിൽ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമുണ്ട്. കർണാടക എക്സൈസിൽ ജോലി വാങ്ങിത്തരാം എന്ന് പറഞ്ഞായിരുന്നു കാശ് വാങ്ങിയത്.
മുൻകൂർ ജാമ്യാപേക്ഷയുമായി സച്ചിത റൈ കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയെ കഴിഞ്ഞ ദിവസം സമീപിച്ചെങ്കിലും ജാമ്യാപേക്ഷ തള്ളിയിരുന്നു. സച്ചിതയുടെ തട്ടിപ്പിന് ഇരയായ കൂടുതൽ പേർ പൊലീസ് സ്റ്റേഷനിലേക്ക് പരാതിയുമായി എത്തുന്നുണ്ട്.
സച്ചിതയെ പുറത്താക്കിയതായി ഡിവൈഎഫ്ഐ കാസർകോട് ജില്ലാ കമ്മിറ്റി നേരത്തേ വ്യക്തമാക്കിയിരുന്നു. എയ്ഡഡ് ലോവർ പ്രൈമറി സ്‌കൂളിൽ സ്ഥിരം ജോലി നേടുന്നതിന് മുമ്പ് റായി ഗവ.എച്ച്.എസ്.എസ് അംഗടിമൊഗറിൽ അഡ്‌ഹോക്ക് അധ്യാപകയായി ജോലി ചെയ്തിട്ടുണ്ട്. റായിക്കെതിരെ കൂടുതൽ പരാതികൾ ഉയർന്നേക്കുമെന്നാണ് പൊലീസ് കരുതുന്നത്.
More people who lost money in DYFI woman leader’s job fraud are complaining