അങ്കമാലി: കച്ചവട ആവശ്യങ്ങൾക്കായി വിദേശത്തേക്ക് പണം കടത്തിയിട്ടില്ലെന്ന് മൂലൻസ് ഗ്രൂപ്പ്. ഫെമ കേസിൽ അങ്കമാലി ആസ്ഥാനമായുള്ള മൂലൻസ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ 40 കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടിയെന്ന വാർത്തയിൽ പരാമർശിക്കുന്ന നിയമവിരുദ്ധമായി പണം കടത്തിയെന്ന കാര്യം അടിസ്ഥാന രഹിതമാമെന്നും മൂലൻസ് ഗ്രൂപ്പ് അധികൃതർ പറഞ്ഞു.
ഇ.ഡിയുടെ താത്കാലിക ഉത്തരവ് ലഭിച്ചുവെന്നത് സത്യമാണെന്നും മാനേജ്‌മെന്റ് അറിയിച്ചു. മൂലൻസ് ഗ്രൂപ്പിന്റെ കുടുംബ സ്വത്ത് വീതം വെക്കുന്നത് സംബന്ധിച്ചുള്ള തർക്കത്തിന്റെ ഭാഗമാണ് ഇടയ്ക്കിടെ ഉയരുന്ന അടിസ്ഥാന രഹിത പരാതിയും അന്വേഷണവും.
സ്വത്ത് തർക്കത്തിന്റെ പേരിൽ നിരവധി തവണ അടിസ്ഥാന രഹിതമായ പരാതികളും കേസുകളും കുടുംബാംഗങ്ങൾക്കും മൂലൻസ് ഗ്രൂപ്പിനെതിരെയും ബിനാമി വഴി നൽകി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ എതിർകക്ഷി നടത്തിയിട്ടുണ്ട്.
ഇത്തരത്തിൽ ഇവർ നൽകിയ പരാതികൾ എല്ലാം വാസ്തവവിരുദ്ധമാണെന്ന് കണ്ടെത്തി തള്ളിക്കളഞ്ഞിട്ടുണ്ടെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. ഗ്രൂപ്പിനെ അപകീർത്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ബിനാമി വഴി വ്യാജ പരാതി ഇഡിക്ക് നൽകിയതെന്നും മൂലൻസ് ഗ്രൂപ്പ് കുറ്റപ്പെടുത്തി.
കമ്പനി അക്കൗണ്ട് വഴിയോ അല്ലാതെയോ സൗദിയിലേക്ക് പണം കൊണ്ടുപോയിട്ടില്ല. സൗദിയിലെയും നാട്ടിലെയും കമ്പനികളുടെ ബാലൻസ് ഷീറ്റ് പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും.
ആരോപിക്കുന്ന രീതിയിലുള്ള പണമിടപാടുകൾ നടന്നിട്ടില്ല എന്നതിനാൽ ആർബിഐയെ ഇക്കാര്യം അറിയിച്ചിരുന്നില്ല. ഇത്തരത്തിൽ നിരവധി കമ്പനികൾ സൗദിയിൽ പ്രവർത്തിക്കുന്നുണ്ട്. ഇഡി ഉത്തരവിനെതിരെ മേൽ ഉദ്യോഗസ്ഥർക്ക് എല്ലാ തെളിവുകളുടെയും പിൻബലത്തിൽ അപ്പീൽ നൽകുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.