മറയൂരിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് ചന്ദനം മുറിച്ചു കടത്താൻ ശ്രമിക്കുന്നതിനിടെ നാലംഗ സംഘം വനം വകുപ്പിന്റെ പിടിയിലായി. ചന്ദനവുമായി ബസ് കാത്തു നിൽക്കുന്നതിനിടെ ഉദ്യോഗസ്ഥരെ കണ്ട നാലംഗ സംഘം രണ്ടു വാച്ചർമാരെ ഇടിച്ച് വീഴ്ത്തി മുങ്ങാൻ ശ്രമിക്കുമ്പോൾ സാഹസികമായി പ്രതികളെ പിടികൂടി. ചന്ദനം മുറിക്കൽ ജോലികളിൽ വിദഗ്ധരാണ് ഇവർ.
കാന്തല്ലൂർ ചുരുക്കുളം ഗ്രാമത്തിലെ 48കാരനായ കെ.പഴനിസ്വാമി, 39കാരനായ വി.സുരേഷ്, 48കാരനായ പി. ഭഗവതി, 37കാരനായ റ്റി. രാമകൃഷ്ണൻ എന്നിവരെയാണ് 19 കിലോ ചന്ദനത്തടികളുമായി പിടികൂടിയത്. ചട്ട മൂന്നാർ സ്വദേശി 35കാരൻ മുനിയാണ്ടി, പള്ളനാട് സ്വദേശി 33കാരൻ പ്രദീപ് എന്നീ രണ്ടു വാച്ചർമാർക്ക് പരുക്കേറ്റു. പ്രതികൾ ഓടി രക്ഷപ്പെടുവാൻ ശ്രമിക്കുന്നത് തടയുമ്പോൾ വാച്ചർമാർക്ക് മർദ്ദനമേറ്റു. ഇവരെ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തമിഴ്‌നാട്ടിലെ ഉടുമലൈപ്പേട്ട ചന്ദനലോബിക്ക് സ്ഥിരമായി ചന്ദനം എത്തിച്ചു നൽകുന്ന സംഘമാണ് പിടിയിലായത്. മറയൂർ ഡി.എഫ്.ഒ പി.ജെ. സുഹൈബിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറയൂർ റേഞ്ച് ഓഫിസർ അബ്ജു.കെ.അരുണിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്. പ്രതികളിൽ നിന്നും പിടിച്ചെടുത്ത ചന്ദനത്തടികൾ 2024 സെപ്റ്റംബർ 19 ന് മറയൂർ പുളിക്കര വയൽ വെസ്റ്റഡ് ഫോറസ്റ്റ് മേഖലയിൽ നിന്നും രണ്ടു മരം മുറിച്ച് കടത്തിയതാണെന്ന് പ്രതികൾ മൊഴി നൽകി.പ്രതികളിൽ പഴനിസ്വാമി മുൻപും രണ്ടുചന്ദന കേസുകളിലെ പ്രതികളാണ്.
ചന്ദനം മുറിക്കുന്നതിൽ വിദഗ്ധരായ ഭഗവതി, സുരേഷ് എന്നിവരെ തമിഴ്‌നാട് അതിർത്തിയിലെ ചന്ദനലോബി ചന്ദനം കടത്തുന്നതിന് നിയോഗിക്കുകയായിരുന്നു. ഒരു കിലോ ചന്ദനത്തിന് 900 രൂപ ലഭിക്കുമെന്നാണ് പ്രതികൾ മൊഴി നൽകിയത്.
മറയൂർ റെയ്ഞ്ച് ഓഫീസർ അബ്ജു.കെ.അരുൺ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ വി.ഷിബുകുമാർ, ശങ്കരൻ ഗിരി, ബീറ്റ് ഓഫിസർമാരായ ബി.ആർ.രാഹുൽ, അഖിൽ അരവിന്ദ്, എസ്.പി. വിഷ്ണു, വിഷ്ണു.കെ.ചന്ദ്രൻ, സജിമോൻ, താത്ക്കാലിക വാച്ചർമാർ മുനിയാണ്ടി, പ്രദീപ് എന്നിവർ നേതൃത്വം നല്കിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
English summary : Moments are enough to cut through any sandalwood; a gang of four was arrested