കൊച്ചി:റിലീസ് ചെയ്ത ദിവസം തന്നെ വിവാദങ്ങളിൽ അകപ്പെട്ട ചിത്രമാണ് മോഹൻലാൽ – പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ എംപുരാൻ. പക്ഷെ വിവാദങ്ങളൊന്നും തന്നെ ചിത്രത്തിന്റെ ബോക്സോഫീസ് കളക്ഷനെ ബാധിച്ചില്ല.
250 കോടിയാണ് എംപുരാൻ തിയറ്ററുകളിൽ നേടിയതെന്നാണ് പുറത്തു വന്ന വിവരം. എംപുരാന്റെ ഒടിടി വരവിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
വിവാദത്തിന് ശേഷം റീ എഡിറ്റ് ചെയ്ത് തിയറ്ററുകളില്‍ എത്തിയ എംപുരാൻ തന്നെയായിരിക്കും ഒടിടി പ്ലാറ്റ്ഫോമുകളിൽ പ്രദർശനത്തിന് എത്തുകയെന്ന് ചിത്രത്തിന്റെ എഡിറ്റർ അഖിലേഷ് മോഹൻ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
സെന്‍സര്‍ ബോര്‍ഡ് ഏറ്റവുമൊടുവില്‍ അംഗീകരിച്ച പതിപ്പായിരിക്കും ഒടിടി പ്ലാറ്റ്‌ഫോമുകളിലും ഇനിയുണ്ടാവുകയെന്ന് അഖിലേഷ് വ്യക്തമാക്കി.
തൊട്ടുപിന്നാലെയാണ് എംപുരാൻ ഒടിടി റിലീസ് ചർച്ചകൾ സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ചത്.
ജിയോ ഹോട്ട്സ്റ്റാറിലൂടെയായിരിക്കും ചിത്രം സ്ട്രീം ചെയ്യുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ജിയോ ഹോട്ട്സ്റ്റാർ ഒടിടി അവകാശത്തിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. പക്ഷെ ഇതുസംബന്ധിച്ച് എംപുരാൻ ടീം ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
എംപുരാന്റെ ഒന്നാം ഭാഗമായ ലൂസിഫർ ആമസോൺ പ്രൈം വിഡിയോയിൽ ആയിരുന്നു റിലീസ് ചെയ്തത്.
അതേസമയം എംപുരാൻ റിലീസായതോടെ മോഹൻലാലിനും സംവിധായകൻ പൃഥ്വിരാജിനുമെതിരെ പ്രതിഷേധവും സൈബർ ആക്രമണങ്ങളും ശക്തമായിരുന്നു.
പൃഥ്വിരാജ്, മോഹൻലാൽ എന്നിവരെക്കൂടാതെ ടൊവിനോ, മഞ്ജു വാര്യർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.