സിനിമാ സമരം പ്രഖ്യാപിച്ച നിർമാതാവ് ജി സുരേഷ് കുമാറിനെതിരെ നിർമാതാവ് ആന്റണി പെരുമ്പാവൂർ രംഗത്തെത്തിയതോടെ ഏറെക്കാലത്തിനു ശേഷം മലയാള സിനിമയിൽ പുതിയ പോരിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഇതിനിടെ മോഹൻലാൽ തന്നെ ഫോണിൽ വിളിച്ചുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുരേഷ് കുമാർ.
ആന്റണിക്ക് ഇതിനുള്ള ആംപിയറൊന്നുമില്ല, പിന്നിൽ ചില സൂപ്പർ താരങ്ങൾ ഉണ്ട്.
‘മോഹൻലാൽ എന്നെ വിളിച്ചിരുന്നു. എന്നാൽ ഞാൻ ഫോൺ എടുത്തില്ല.
ഇപ്പോൾ സംസാരിച്ചാൽ ശരിയാകില്ല. ഞാൻ കുളിക്കുമ്പോഴാണ് മോഹൻലാൽ വിളിച്ചത്. ഞാൻ എടുത്തില്ല. ഇപ്പോൾ ഞാൻ സംസാരിച്ചാൽ അവനുമായി മോശമായ സംസാരമാകും.
എനിക്ക് അവനുമായി പ്രശ്‌നമില്ല. സൗഹൃദക്കുറവുമില്ല. ആരേലും സ്‌ക്രൂ കയറ്റിയാൽ ലാൽ ചൂടാവും’- എന്നാണ് സുരേഷ് കുമാർ വെളിപ്പെടുത്തിയത്.
നടന്മാരും സംവിധായകരും വലിയ തുക പ്രതിഫലമായി ചോദിക്കുന്നതുമായി ബന്ധപ്പെട്ട് സുരേഷ് കുമാർ നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് ആന്റണി പെരുമ്പാവൂർ രംഗത്തെത്തിയത്. ഇതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്.
ജൂൺ ഒന്ന് മുതൽ നിർമ്മാതാക്കൾ സമരത്തിനിറങ്ങുന്നതായി സുരേഷ്‌കുമാർ പറഞ്ഞത് സിനിമയ‌്ക്കുള്ളൽ പ്രവർത്തിക്കുന്ന നൂറ് കണക്കിന് ആളുകളെ ബാധിക്കുന്നതാണെന്നും, ഇതൊക്കെ പറയാൻ ആരാണ് സുരേഷ് കുമാറിനെ ചുമതലപ്പെടുത്തിയതെന്നുമാണ് ആന്റണി ഫേസ്‌ബുക്ക് കുറിപ്പിലൂടെ വിമർശിച്ചത്.