ന്യൂഡൽഹി: ഹിന്ദുക്കൾക്കിടയിലെ ജാതി വേർതിരിവ് അവസാനിപ്പിക്കണമെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്.
ഹിന്ദു വിഭാഗങ്ങൾ ഒറ്റക്കെട്ടായി മുന്നേറണമെന്നും അലിഗഡിൽ ആർഎസ്എസ് പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കവെ മോഹൻ ഭാഗവത് ആഹ്വാനം ചെയ്തു.
ഒരു ക്ഷേത്രം, ഒരു കിണർ, ഒരു ശ്മശാനം എന്ന നിലയിലേക്ക് ഹിന്ദുക്കൾ എത്തണമെന്നും മോഹൻ ഭാഗവത് പറഞ്ഞു. വിവിധ ജാതികൾ ചേർന്ന് ഒരുമിച്ച് ഉത്സവങ്ങൾ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘മൂല്യങ്ങളാണ് ഹിന്ദു സമൂഹത്തിന്റെ അടിസ്ഥാനമെന്നും പാരമ്പര്യത്തിലും സാംസ്കാരിക മൂല്യങ്ങളിലും സദാചാര തത്വങ്ങളിലും അടിസ്ഥാനമാക്കിയുള്ള സമൂഹം കെട്ടിപ്പടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും സ്വയം സേവകൻമാരുടെ പ്രവർത്തനം വ്യാപിപ്പിക്കണം. ഐക്യത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശം പരത്തണം, കുടുംബമായിരിക്കണം സമൂഹത്തിന്റെ ആധാരശില. ദേശീയതയും ഐക്യവും വളർത്താൻ ഉത്സവാഘോഷങ്ങൾ ഒരുമിച്ചു നടത്തണമെന്നും മോഹൻ ഭാഗവത് പറഞ്ഞു.
ആർഎസ്എസിലും ബിജെപിയിലും ജാതി വേർതിരിവുണ്ടെന്നാണ് പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്ന പ്രധാന വിമർശനം. ഇരു സംഘടനകളും ഉന്നത ജാതിക്കാർക്കു കൂടുതൽ പരിഗണന നൽകുന്നുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്.
ബിജെപി ജാതി സെൻസസിനു എതിരു നിൽക്കുന്നത് അതുകൊണ്ടാണെന്നും പ്രതിപക്ഷ പാർട്ടികളടക്കം വിമർശനമുയർത്തുന്ന സാഹചര്യത്തിലാണ് മോഹൻ ഭാഗവതിൻ്റെ ആഹ്വാനം.