തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ വ്യത്യസ്ത മതവിഭാഗങ്ങളുടെ നിയന്ത്രണത്തിലുള്ള മലയാള പത്രങ്ങളിൽ വ്യത്യസ്തതരത്തിൽ തയ്യാറാക്കിയ ഇടതുമുന്നണിയുടെ പരസ്യങ്ങൾ ചർച്ചയാകുന്നു. സുപ്രഭാതം, ദീപിക പത്രങ്ങളിൽ ഇന്ന് പ്രസിദ്ധീകരിച്ച ഫുൾ പേജ് പരസ്യങ്ങളിലൂടെയാണ് എൽഡിഎഫിന്റെ ജാതി-മത താത്പര്യങ്ങൾ മറനീക്കി പുറത്തുവരുന്നത്. കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപികയിൽ മണിപ്പൂർ കലാപമാണ് പോസ്റ്ററിൽ കൊടുത്തിരിക്കുന്നത്. എന്നാൽ സമസ്ത പത്രമായ സുപ്രഭാതത്തിലെ പരസ്യത്തിന് വിഷയം പൗരത്വ നിയമവുമായി ബന്ധപ്പെട്ട ഡൽഹി കലാപങ്ങളാണ്.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ‘എൽഡിഎഫ് വരും എല്ലാം ശരിയാകും’ എന്ന ടാഗ് ലൈൻ ഇടതുമുന്നണിക്കായി അവതരിപ്പിച്ച മൈത്രി പരസ്യ ഏജൻസിയാണ് ഇത്തവണത്തേ പുതിയ പരസ്യങ്ങൾ തയ്യാറാക്കിയത്. മണിപ്പൂർ കലാപം ആസ്പദമാക്കി കത്തുന്ന കുരിശിൻ്റെ ചിത്രവും ‘ഓർമപ്പെടുത്തലാണ് മണിപൂർ… ഇടതില്ലെങ്കിൽ ഇന്ത്യയില്ലെന്ന ഓർമ്മപ്പെടുത്തൽ’ എന്ന ക്യാപ്ഷനുമാണ് ദീപികയുടെ ഒന്നാംപേജിലുള്ള പരസ്യത്തിലുള്ളത്. തട്ടമിട്ട പെൺകുട്ടിയുടെ ചിത്രവും പൗരത്വനിയമവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന കലാപത്തിന്റെ ചിത്രവുമാണ് സുപ്രഭാതത്തിന്റെ ഒന്നാം പേജ് പരസ്യത്തിലുള്ളത്. ‘ജനങ്ങളെ സംരക്ഷിക്കേണ്ടവർ വിഷം തുപ്പുമ്പോൾ… ന്യൂനപക്ഷങ്ങൾക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷം’ എന്ന വാചകവും ഒപ്പമുണ്ട്. യുഡിഎഫിനെയും ബിജെപിയെയും ഒരുപോലെ ലക്ഷ്യമിട്ടുള്ളതാണ് ഈ പരസ്യങ്ങൾ എന്ന് വ്യക്തം. ന്യൂനപക്ഷ വോട്ടുകളെ സ്വന്തം പെട്ടിയിലാക്കാൻ മുന്നണികൾ നടത്തുന്ന കൈവിട്ട കളിയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ഒറ്റ ദിവസം പ്രസിദ്ധീകരിച്ച ഈ രണ്ട് തരം പരസ്യങ്ങൾ. വർഗീയതക്കും ഫാസിസത്തിനും എതിരെ പോരാടാൻ സിപിഎം മാത്രമേയുള്ളൂ എന്ന് പറയാനാണ്, ചേരിതിരിവ് ഉണ്ടാക്കുംവിധമുള്ള ഈ പരസ്യങ്ങൾ എന്നതാണ് വിരോധാഭാസം.
Read Also: വൈദ്യുതി കണക്ഷൻ എടുക്കാൻ നൂലാമാലകളില്ല; രണ്ടു രേഖകൾ മതി