മല്ലപ്പള്ളിയിലെ ഭരണഘടന വിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാനു തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന് പോലീസ് നൽകിയ റിപ്പോർട്ടും, അതിനെ അംഗീകരിച്ച മജിസ്ട്രേറ്റ് റിപ്പോർട്ടും ഹൈക്കോടതി തള്ളി. Minister Saji Cherian hits back at unconstitutional remarks
കേസിൽ പുനരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാന പോലീസ് മേധാവി ക്രൈംബ്രാഞ്ചിലെ വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥനെ ഉപയോഗിച്ച് അന്വേഷണം നടത്താൻ കോടതി നിർദ്ദേശിച്ചു.
കേസിന്റെ അന്വേഷണത്തിൽ വലിയ പാളിച്ചകൾ സംഭവിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്. കൃത്യമായ മൊഴികൾ രേഖപ്പെടുത്തുകയോ ആവശ്യമായ തെളിവുകൾ ശേഖരിക്കുകയോ ചെയ്തിട്ടില്ല. വേദിയിൽ ഉണ്ടായിരുന്നവരുടെ മൊഴികൾ മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി.
മന്ത്രിയെ രക്ഷിക്കാനായി മാത്രമാണ് അന്വേഷണം നടത്തിയത് എന്നും കോടതി അഭിപ്രായപ്പെട്ടു. മല്ലപ്പള്ളിയിലെ വിവാദവുമായി ബന്ധപ്പെട്ട് അവിടെ ഉണ്ടായിരുന്നവരുടെ മറ്റാരുടെയും പ്രസ്താവനകൾ രേഖപ്പെടുത്തിയിട്ടില്ല. കൂടാതെ, സംഭവവുമായി ബന്ധപ്പെട്ട പെൻഡ്രൈവ്, സിസിടിവി ദൃശ്യങ്ങൾ എന്നിവ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു.
എന്നാൽ, ഈ പരിശോധനകളുടെ ഫലങ്ങൾ ലഭിക്കുന്നതിന് മുമ്പാണ് കേസിന്റെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. ഇവയെല്ലാം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി അന്വേഷണം കൃത്യമായിരുന്നില്ലെന്ന് നിരീക്ഷിച്ചത്.
മല്ലപ്പളിയിൽ നടന്ന ഒരു പൊതുചടങ്ങിൽ ഭരണഘടനയെ വിമർശിക്കുന്ന രീതിയിൽ സജി ചെറിയാൻ സംസാരിച്ചതിനെ കുറിച്ച് ഉയർന്ന പരാതിയാണ് വിമർശനങ്ങൾക്ക് വഴിയൊരുക്കിയത്. ഈ സംഭവം വലിയ വിവാദമാകുകയും, തുടർന്ന് അദ്ദേഹം മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തു. പിന്നീട്, കുറ്റവിമുക്തനായതോടെ അദ്ദേഹം വീണ്ടും മന്ത്രിപദത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.