തിരുവനന്തപുരം: ആശുപത്രി ക്യാന്റീനിൽ നിന്ന് നിന്ന് വാങ്ങിയ ഭക്ഷണത്തിൽ നിന്ന് തേരട്ടയെ ലഭിച്ചതായി പരാതി. തിരുവനന്തപുരം പാങ്ങപ്പാറ മെഡിക്കൽ കോളേജ് ഹെൽത്ത് സെന്ററിലാണ് സംഭവം. ക്യാൻ്റീൻ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി.(Millipede on food bought from the hospital canteen in Thiruvananthapuram; complaint was filed)
കാവടിക്കോണം സ്വദേശി ധനുഷ് വാങ്ങിയ ഭക്ഷണത്തിലാണ് തേരട്ടയെ കണ്ടെത്തിയത്. കാലിലേറ്റ മുറിവ് പഴുത്തതിനെ തുടർന്ന് ആശുപത്രിയിൽ കിടത്തിച്ചികിത്സയിലാണ് ധനുഷ്. കൂട്ടിരിപ്പുകാരിയായ ഭാര്യയാണ് രാവിലെ കാൻ്റീനിൽ നിന്ന് ഭക്ഷണം പൊതിഞ്ഞുവാങ്ങിയത്. ശേഷം ഭക്ഷണം കഴിക്കാനായി പൊതി തുറന്നപ്പോഴാണ് രണ്ട് കഷണം പുട്ടിൻ്റെയും നടുവിൽ പയറിന് മുകളിൽ തേരട്ടയെ കണ്ടെത്തി.
സംഭവം ഉടൻ തന്നെ ഡ്യൂട്ടി നേഴ്‌സിനെ അറിയിച്ചു. പിന്നീട് ഭക്ഷണം കാൻ്റീനിൽ തന്നെ മടക്കി നൽകി. സംഭവത്തിൽ ധനുഷിൻ്റെ പരാതിയിൽ ആശുപത്രി അന്വേഷണം ആരംഭിച്ചതായാണ് വിവരം.