കൊല്ലം: മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് കെഎസ്ഇബി ഓഫീസിന് മുന്നിൽ മില്ലുടമയുടെ പ്രതിഷേധം. വില്പനയ്ക്കായുള്ള അരിമാവ് മാവ് പുളിച്ചെന്ന് ആരോപിച്ചാണ് കൊല്ലം കുണ്ടറ കെഎസ്ഇബി ഓഫീസിന് മുന്നിൽ പ്രതിഷേധം നടന്നത്. ഇളമ്പള്ളൂർ സ്വദേശി രാജേഷ് അരിമാവുമായെത്തി കെഎസ്ഇബി ഓഫീസിന് മുന്നിൽ വെച്ച് ദേഹത്ത് ഒഴിക്കുകയായിരുന്നു.(Mill owner protest in front of KSEB office)
രാജേഷ് ദോശ മാവ് പാക്കറ്റുകളിലാക്കി വിൽപന നടത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 1 മണി മുതൽ 3 വരെ വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പ് ലഭിച്ചതിനാൽ വളരെ നേരത്തെ മാവ് ആട്ടി പണി തീർക്കാൻ ശ്രമം തുടങ്ങി. എന്നാൽ, യാതൊരു അറിയിപ്പും ഇല്ലാതെ രാവിലെ 9.30 മുതൽ വൈദ്യുതി നിലച്ചെന്നും പകുതി ആട്ടിയ മാവ് പുളിച്ച് ഉപയോഗ ശൂന്യമായെന്നുമാണ് രാജേഷിന്റെ ആരോപണം.
തുടർന്ന് കവറുകളിലാക്കി വിൽപന നടത്താൻ കഴിയാത്ത മാവുമായി രാജേഷ് പ്രതിഷേധിക്കുകയായിരുന്നു. കെഎസ്ഇബി ഓഫീസിലേക്ക് ചെമ്പുകളിലാക്കി വെച്ച മാവ് കൊണ്ടുവന്നശേഷം കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനുശേഷമാണ് ഒരു ചെമ്പിലെ മാവ് ദേഹത്ത് ഒഴിച്ചത്.