രാഹുൽ ഗാന്ധിയെ ഇന്ത്യയുടെ ‘പ്രധാനമന്ത്രി’യാക്കി മെസ്സിയുടെ മാനേജർ
ഹൈദരാബാദ്: ലയണൽ മെസ്സിയുടെയും സംഘത്തിന്റെയും ഇന്ത്യ പര്യടനത്തിനിടെ ഹൈദരാബാദിൽ നടന്ന സ്വീകരണ പരിപാടിയിൽ നിന്നാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്ന ഒരു നാക്കുപിഴയ്ക്ക് തുടക്കമായത്.
മെസ്സിയെയും സഹതാരങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവരെയും ആദരിക്കുന്ന ചടങ്ങിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സന്നിഹിതനായിരുന്നു.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും പങ്കെടുത്ത ചടങ്ങിനിടെയാണ് വിവർത്തനത്തിലെ പിഴവ് വൈറലായത്.
നിറഞ്ഞുകവിഞ്ഞ ഗാലറിയ്ക്ക് മുന്നിൽ ലയണൽ മെസ്സി സ്പാനിഷിലായിരുന്നു പ്രസംഗം നടത്തിയത്.
ഇന്ത്യയിലെ സന്ദർശനത്തിനും ആരാധകർ നൽകിയ സ്നേഹത്തിനും നന്ദി അറിയിച്ച സന്ദേശമാണ് മെസ്സി പങ്കുവച്ചത്. ഇത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തപ്പോഴാണ് അബദ്ധം സംഭവിച്ചത്.
മെസ്സിയുടെ മാനേജർ രാഹുൽ ഗാന്ധിയെ ‘ഇന്ത്യൻ പ്രധാനമന്ത്രി’ എന്നാണ് വിവർത്തനം ചെയ്തതോടെ വാക്കുകൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറി.
“ഹൈദരാബാദിനും ഇന്ത്യക്കും പ്രധാനമന്ത്രിക്കും നന്ദി” എന്ന പരാമർശത്തോടുകൂടിയ വീഡിയോ ഭാഗം പങ്കുവെച്ചതോടെ വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ രാഹുൽ ഗാന്ധിയെ പരിഹസിച്ചും ചിലർ പ്രധാനമന്ത്രിയാകട്ടെയെന്ന ആശംസയുമായി രംഗത്തെത്തി.
കോൺഗ്രസ് അനുകൂല ഹാൻഡിലുകൾ ഇത് അനുകൂലമായി ഏറ്റെടുത്തപ്പോൾ, എതിർ രാഷ്ട്രീയ നിലപാടുള്ളവർ രൂക്ഷമായ പരിഹാസവുമായും വിമർശനങ്ങളുമായും പ്രതികരിച്ചു.
‘ഗോട്ട് ടൂർ’ എന്ന പേരിലുള്ള പര്യടനത്തിന്റെ രണ്ടാം ദിവസമാണ് മെസ്സിയും സംഘവും ഹൈദരാബാദിലെത്തിയത്.
രാഹുൽ ഗാന്ധിയെ ഇന്ത്യയുടെ ‘പ്രധാനമന്ത്രി’യാക്കി മെസ്സിയുടെ മാനേജർ
കൊൽക്കത്തയിൽ ആരാധക സംഘർഷം ഉണ്ടായതിനെ തുടർന്ന്, ഹൈദരാബാദിൽ താരങ്ങൾക്ക് വിപുലവും ഹൃദയസ്പർശിയുമായ സ്വീകരണമാണ് ഒരുക്കിയത്.
സ്റ്റേഡിയത്തിൽ മെസ്സിയും മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ചേർന്ന് പന്ത് തട്ടിയതും ആരാധകർക്കിടയിൽ ആവേശമുണ്ടാക്കി.
മെസ്സിയും സംഘവും സ്റ്റേഡിയത്തിലെ ആരാധകരെ അഭിവാദ്യം ചെയ്തു. ചില പന്തുകൾ ആരാധകർക്കിടയിലേക്ക് അടിച്ചുകൊടുത്തതും വലിയ കൈയ്യടി നേടി.
തുടർന്ന് രാഹുൽ ഗാന്ധിയുമായി കൈകുലുക്കുകയും ഒരുമിച്ച് ഫോട്ടോയെടുക്കുകയും ചെയ്തതോടെയാണ് ചടങ്ങിന് സമാപനമായത്.









