പെട്രോള്‍ പമ്പുകള്‍ക്ക് എന്‍ഒസി നല്‍കുന്നതില്‍ വന്‍ അഴിമതി എന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ്. ഈ കാര്യത്തില്‍ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സംഘടന മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കാന്‍ പണം വാങ്ങി എന്ന ആരോപിച്ച് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പരസ്യമായി അപമാനിച്ചതിനെ തുടര്‍ന്ന് എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവം വിവാദമായി തുടരുന്നതിനിടയ്ക്കാണ് പെട്രോള്‍ പമ്പ് ഉടമകളുടെ അസോസിയേഷന്‍ രംഗത്ത് വന്നത്.
കഴിഞ്ഞ ഏഴ് വർഷത്തിനിടെ കേരളത്തിൽ പെട്രോൾ പമ്പുകൾക്ക് നൽകിയ നിരാക്ഷേപ പത്രം (എൻഒസി) സംബന്ധിച്ച് വിജിലൻസ് അന്വേഷണം വേണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്. എൻഒസി അനുവദിക്കുന്നതിനുള്ള അധികാരം അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റുമാർക്ക് കൊടുത്തതോടെയാണ് അഴിമതി വർധിച്ചത്.
നിബന്ധനകൾ കാറ്റിൽ പറത്തിയാണ് അനുമതി നൽകുന്നത്. 2016 മുതല്‍ ഇതുവരെ എഴുന്നൂറിലേറെ പമ്പുകൾക്ക് എൻഒസി നൽകിയിട്ടുണ്ട്. എൻഒസി ലഭിച്ചിട്ട് നിർമാണം തുടങ്ങാത്തതും എൻഒസി ലഭിക്കാത്തതുമായ നാനൂറിലേറെ കേസുകളുണ്ട്. വലിയ അഴിമതി നടക്കുന്നുണ്ടെന്നും അന്വേഷണം വേണമെന്നുമാണ് കത്തിലെ ആവശ്യം.
Massive scam in issuing NOC to petrol pumps