വെളിച്ചെണ്ണ ഉൽപ്പാദന കേന്ദ്രത്തിൽ വൻ തീപിടിത്തം; ഒരു കോടി രൂപയുടെ നാശനഷ്ടം
അരീക്കോട് കാരിപറമ്പിലെ യുറാനസ് ഫുഡ് പ്രൊഡക്സ് വെളിച്ചെണ്ണ ഉൽപ്പാദന കേന്ദ്രത്തിൽ പുലർച്ചെ ഉണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടം. ഏകദേശം ഒരു കോടി രൂപയുടെ നഷ്ടമാണ് പ്രാഥമിക കണക്ക്.
പുലർച്ചെ രണ്ടോടെയാണ് തീപിടിത്തം ഉണ്ടായത്. അരീക്കോട് ഉഗ്രപുരം സ്വദേശി പുത്തൻകുളം വീട്ടിൽ സി. ലിബിന് ഉടമസ്ഥതയിലുള്ള യൂണിറ്റിലാണ് സംഭവം.
റോഡിലൂടെ യാത്ര ചെയ്തവരാണ് ആദ്യം തീപിടിത്തം കാണുകയും ഉടൻ ഉടമയെയും സമീപവാസികളെയും അറിയിക്കയും ചെയ്തത്.
ഇടുക്കി ഡാം അടച്ചു: വെള്ളത്തിനും വൈദ്യുതിക്കും ബദൽ സംവിധാനങ്ങൾ
വെളിച്ചെണ്ണ സംഭരണശാലയിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സമീപത്ത് ഫയർ സ്റ്റേഷൻ ഇല്ലാത്തതിനാൽ മുക്കത്തുനിന്നും മഞ്ചേരിയിൽനിന്നും യൂണിറ്റുകൾ എത്താൻ വൈകിയതായും നാട്ടുകാർ ആരോപിച്ചു.
അഗ്‌നിരക്ഷാ നിലയങ്ങളിൽ നിന്നെത്തിയ മൂന്നു യൂണിറ്റുകൾ ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായി അണച്ചത്.
അഗ്‌നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് തീ സമീപത്തെ വീടുകളിലേക്ക് പടരാതിരിക്കാൻ കഴിഞ്ഞു.
സ്ഥാപനത്തിലെ മെഷിനറികൾ, വെളിച്ചെണ്ണ, ഇലക്ട്രിക് വയറിംഗ് തുടങ്ങിയവ കത്തി നശിച്ചു. തീപിടിത്തത്തെ തുടർന്ന് റോഡിലേക്കൊഴുകിയ വെളിച്ചെണ്ണ ഫയർഫോഴ്സ് ജീവനക്കാർ വെള്ളം പമ്പ് ചെയ്ത് വൃത്തിയാക്കിയാണ് ഗതാഗതയോഗ്യമാക്കിയത്.









