കൊച്ചി: നെടുമ്പാശേരി എയർപോർട്ട് വഴി വൻ പക്ഷിക്കടത്ത്. വിമാനം ഇറങ്ങിയ തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവരിൽ നിന്നാണ് അപൂർവം ഇനത്തിൽപെട്ട 14 പക്ഷികളെ പിടികൂടിയത്. യാത്രക്കാരുടെ പെരുമാറ്റത്തിൽ സംശയം തോന്നി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർ ബാഗേജുകൾ വിശദമായി പരിശോധിക്കുകയായിരുന്നു.
ചിറകടി ശബ്ദം കേട്ടതിനെ തുടർന്ന് ബാഗ് തുറന്ന് പരിശോധിച്ചപ്പോൾ വേഴാമ്പലുകൾ ഉൾപ്പെടെ അപൂർവം ഇനത്തിൽപെട്ട 14 പക്ഷികളെയാണ് ബാഗിൽ കണ്ടെത്തിയത്. വിദഗ്ധ പരിശോധനകൾക്കും തുടർനടപടികൾക്കുമായി വനം വകുപ്പിന് പക്ഷികളേയും യാത്രക്കാരെയും കൈമാറിയിട്ടുണ്ട്. സംഭവത്തിൽ കൊച്ചി കസ്റ്റംസും വനം വകുപ്പും ചേർന്ന് തുടരന്വേഷണം നടത്തുമെന്നാണ് വിവരം.
പിടിച്ചെടുത്തവയിൽ മൂന്ന് തരത്തിൽ പെട്ട പക്ഷികളുണ്ട്. 25000 മുതൽ 2 ലക്ഷം രൂപ വരെ വിലയുള്ള പക്ഷികളെയാണ് കടത്തിയത്. 3 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. 75000 രൂപ പ്രതിഫലത്തിനു വേണ്ടിയാണു പക്ഷികളെ എത്തിച്ചതെന്ന് പ്രതികൾ പറഞ്ഞു. കസ്റ്റംസും വനം വകുപ്പും പ്രതികളെ കൂടുതൽ ചോദ്യം ചെയ്തു വരുകയാണ്. നടപടികൾക്ക് ശേഷം പക്ഷികളെ മാതൃരാജ്യത്തേക്ക് തിരിച്ചയക്കും. ഇപ്പോൾ ഡോക്ടർമാരുടെയും മറ്റു പക്ഷിവിദഗ്ധരുടെയും പരിചരണത്തിലാണ് പക്ഷികൾ.