മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയക്ക് മർദനം
ഇടുക്കി: മറുനാടൻ മലയാളി ഉടമ ഷാജൻ സ്‌കറിയയെ മർദിച്ചു. ഇടുക്കി തൊടുപുഴ മങ്ങാട്ടുകവലയിൽ വെച്ചാണ് സംഭവം. വാഹനത്തെ പിന്തുടർന്ന് തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.
ആക്രമണത്തിൽ പരിക്കേറ്റ ഷാജൻ സ്കറിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം. തൊടുപുഴയിൽ ഒരു വിവാഹ ചടങ്ങിന് എത്തിയതായിരുന്നു ഷാജൻ സ്‌കറിയ.
മുതലക്കോടത്ത് വിവാഹത്തിൽ പങ്കെടുത്ത ശേഷം മൂലമറ്റം റൂട്ടിലുള്ള റിസോർട്ടിൽ നടക്കുന്ന റിസപ്ഷന് പോകവെ വഴിയിൽ വെച്ചാണ് മർദനമേറ്റത്.
ഥാര്‍ ജീപ്പില്‍ എത്തിയ സംഘം ഷാജന്‍ സ്‌കറിയയെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. അമിത വേഗതയില്‍ എത്തിയ ഥാര്‍ ഷാജന്‍ സ്‌കറിയയുടെ വാഹനത്തിന്റെ വശത്ത് ഇടിച്ച് മറിച്ചിടാൻ ശ്രമിച്ചെന്നുമാണ് ലഭിക്കുന്ന വിവരം.
അതേസമയം ആറംഗ ഡിവൈഎഫ് ഐ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് ‘മറുനാടൻ മലയാളി’ പറയുന്നത്. സിപിഎമ്മിനോട് അനുഭാവമുള്ള ബ്രിട്ടണിലെ പ്രവാസി വ്യവസായിയുടെ നേതൃത്വത്തിൽ ആക്രമണത്തിന് ഗൂഡാലോചന നടന്നു എന്നാണ് ആരോപണം.
ഈ വ്യവസായിക്കെതിരെയുള്ള ചില കാര്യങ്ങൾ ‘മറുനാടൻ മലയാളി’ എന്ന ഷാജൻ സ്‌കറിയയുടെ ചാനൽ വഴി പുറത്തുവിട്ടിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ അതിവിശ്വസ്തനായിരുന്നു ഈ പ്രവാസി വ്യവസായി എന്നും മറുനാടൻ മലയാളി ആരോപിച്ചിരുന്നു. ഗോവിന്ദന്റെ മകനെതിരേയും ആക്രമണങ്ങള്‍ നടന്നു. സര്‍ക്കാര്‍ ഫണ്ട് വെട്ടിച്ച ശുചിത്വ സാഗരം പദ്ധതിയടക്കം പുറത്തെത്തി.
ഇതിന്റെ പക സിപിഎമ്മിലേയും ഡിവൈഎഫ്‌ഐയിലേയും വിശ്വസ്തരെ ഉപയോഗിച്ച് നടപ്പിലാക്കുകയായിരുന്നു വ്യവസായി എന്നുമാണ് മറുനാടൻ മലയാളി പുറത്തുവിട്ട പ്രധാന ആരോപണങ്ങൾ.
Summary: “Marunadan Malayali owner Shajan Skaria was allegedly assaulted in Thodupuzha, Idukki. Reports state that the attackers followed his vehicle, blocked it, and then attacked him.”