തൊടുപുഴ: ക്ഷേമപെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് അടിമാലിയിൽ ഭിക്ഷ യാചിച്ച് സമരം ചെയ്ത മറിയക്കുട്ടി ബിജെപിയിൽ ചേർന്നു.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആണ് ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.
തൊടുപുഴയിൽ നടന്ന വികസിത കേരളം കൺവെൻഷൻ പരിപാടിയിലാണ് മറിയക്കുട്ടി ബിജെപി മെമ്പർഷിപ്പ് സ്വീകരിച്ചത്.
നേരത്തെ വിവാദങ്ങൾ ഉണ്ടായതിന് പിന്നാലെ മറിയകുട്ടിക്ക് കെപിസിസി ഇടപെട്ട് വീട് നിർമ്മിച്ച് നൽകിയിരുന്നു.
പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് മൺചട്ടിയും പ്ലക്കാർഡുകളുമായി അടിമാലി ടൗണിൽ മറിയക്കുട്ടി നടത്തിയ പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ക്ഷേമ പെൻഷൻ മുടങ്ങിയതിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവും ഉന്നയിച്ചിരുന്നു.
ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ നിയമപോരാട്ടവുമായി ഹൈക്കോടതിയെയും മറിയക്കുട്ടി സമീപിച്ചിരുന്നു. അതേസമയം ബിജെപിയിൽ മെമ്പർഷിപ്പ് എടുത്തതിനോട് മറിയക്കുട്ടി പ്രതികരിച്ചിട്ടില്ല.