2022 ലെ ആർസിഎൻ കോൺഗ്രസിൽ പാസാക്കിയ ഒരു പ്രധാന പ്രമേയമാണ് “നഴ്‌സ്” എന്ന പദവിയുടെ സംരക്ഷണം. എന്നാൽ ആരോഗ്യ, സാമൂഹിക പരിപാലന രംഗത്ത് പ്രവർത്തിക്കുന്ന നിരവധി പേർ ‘നേഴ്സ്’ എന്ന തൊഴിൽനാമം ഉപയോഗിക്കുന്നതിന് അവസാനമായേക്കും എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇനിമുതൽ നേഴ്സ് എന്ന പദവി ആർക്കൊക്കെ ഉപയോഗിക്കാം എന്നതിന് പുതിയ നിർവചനം ഉണ്ടായേക്കും.
എംപിയായ ഡോൺ ബട്ട്‌ലർ ചൊവ്വാഴ്ച പാർലമെൻറിൽ അവതരിപ്പിക്കുന്ന സ്വകാര്യ ബിൽ നേഴ്സ് എന്ന തലക്കെട്ട് സംരക്ഷിക്കാൻ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ്. ഈ
സ്വകാര്യ ബിൽ നിയമമാകുകയാണെങ്കിൽ നേഴ്‌സിംഗ് ആൻ്റ് മിഡ്‌വൈഫറി കൗൺസിലിൽ (എൻഎംസി) യിൽ രജിസ്റ്റർ ചെയ്ത വ്യക്തികൾക്ക് മാത്രമേ ഇനിമുതൽ നേഴ്സ് എന്ന തൊഴിൽനാമത്തിൽ അറിയപ്പെടാൻ അർഹത ഉണ്ടായിരിക്കുകയുള്ളൂ.
ബില്ലിന് റോയൽ കോളേജ് ഓഫ് നേഴ്സിംഗ് ശക്തമായ പിന്തുണ അറിയിച്ചു കഴിഞ്ഞു.
പ്രൊഫഷണലായി രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് മാത്രമായി നേഴ്‌സ് എന്ന പേര് പരിമിതപ്പെടുത്തുക വഴി ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവരിൽ പൊതുജനങ്ങൾക്ക് ഉള്ള വിശ്വാസവും സർവ്വോപരി രോഗികളുടെ സുരക്ഷയും ഊട്ടി ഉറപ്പിക്കുന്നതിന് പ്രയോജനപ്പെടുമെന്നാണ് പൊതുവേ അഭിപ്രായപ്പെടുന്നത്.
അന്താരാഷ്ട്ര തലത്തിലുള്ള നിയന്ത്രണങ്ങൾ യുകെയിലെ നേഴ്സ് മേഖലയിൽ നടപ്പിൽ വരുത്തുന്നതിനുള്ള മികച്ച തുടക്കമാണ് ബില്ലിന്റെ അവതരണം എന്നാണ് വിലയിരുത്തപ്പെടുന്നത്.